ബോക്സ് ഓഫീസേ നീ തീർന്നെടാ; കാമിയോ അല്ല, ലാൽ വരുന്നത് മുഴുനീള വേഷത്തിൽ, മമ്മൂട്ടി- മോഹൻലാൽ ആക്ഷൻ ത്രില്ലറിനെ കുറിച്ച് മഹേഷ് നാരായണൻ
Entertainment
ബോക്സ് ഓഫീസേ നീ തീർന്നെടാ; കാമിയോ അല്ല, ലാൽ വരുന്നത് മുഴുനീള വേഷത്തിൽ, മമ്മൂട്ടി- മോഹൻലാൽ ആക്ഷൻ ത്രില്ലറിനെ കുറിച്ച് മഹേഷ് നാരായണൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd December 2024, 1:42 pm

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ തലപ്പത്ത് നിൽക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എൺപതുകൾ മുതൽ മലയാളികൾ കാണുന്ന ഈ മുഖങ്ങൾ മലയാള സിനിമയുടെ യശസ് മറ്റ് ഭാഷകൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സൂപ്പർ സ്റ്റാറുകൾ എന്നതിലുപരി മികച്ച നടന്മാരായും നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ അഭിമാനമാണ്. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിക്കുന്ന ഒരു സിനിമക്കായി നാളേറെയായി മലയാളികൾ കാത്തിരിക്കുകയായിരുന്നു.

എന്നാൽ പ്രതീക്ഷകൾക്ക് ചിറകേകി കൊണ്ട് സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്തകൾ വന്നിരുന്നു. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ വാർത്ത ഏറ്റെടുത്തത്. സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വീഡിയോസും സ്റ്റില്ലുകളും വൈറലായതോടെ സിനിമ ലോകം ഒന്നടങ്കം കാത്തിരിപ്പായി.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുകയാണ് മഹേഷ് നാരായണൻ. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യുന്നുവെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. മോഹൻലാൽ സിനിമയിൽ ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെടുമെന്നായിരുന്നു സൂചനകൾ. എന്നാൽ മോഹൻലാലും ചിത്രത്തിൽ മുഴുനീള വേഷത്തിലുണ്ടാവുമെന്ന കിടിലൻ അപ്ഡേറ്റാണ് മഹേഷ് നാരായൺ പുറത്തുവിട്ടിരിക്കുന്നത്. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ തിരക്കഥ ഇഷ്ടമായതിനാലാണ് മോഹൻലാലും മമ്മൂട്ടിയും സിനിമയുടെ ഭാഗമായതെന്നും മോഹൻലാലിനെ പോലെ തന്നെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുമെന്നും മഹേഷ് നാരായണൻ പറഞ്ഞു. നേരത്തെ കമൽ ഹാസന് വേണ്ടി മഹേഷ് നാരായണൻ ഒരു സ്ക്രിപ്റ്റ് എഴുതുന്നുവെന്ന റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ആ സിനിമയല്ല ഇതെന്നും ഒരു ആക്ഷൻ ത്രില്ലർ സിനിമയായിരിക്കും മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്നും മഹേഷ് പറഞ്ഞു.

ഇതോടെ മമ്മൂട്ടി, മോഹൻലാൽ ആരാധകരടക്കം വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ മഹേഷ് നാരായണനൊപ്പം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമ്പോൾ ഗംഭീര ചലച്ചിത്രാനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Mahesh Narayanan’s Latest Interview About Mammooty Mohanlal Film