മാലിക് സിനിമയുടെ സമയത്ത് തനിക്ക് നേരിട്ട വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണൻ. ഒരു സമയം കഴിഞ്ഞപ്പോൾ ഇനി കേരളത്തിൽ ജൂനിയേഴ്സ് ഇല്ല എന്ന് ജൂനിയേഴ്സിനെ സപ്ലൈ ചെയ്യുന്നയാൾ തന്നോട് പറഞ്ഞെന്നും മഹേഷ് കൂട്ടിച്ചേർത്തു.
താൻ സിനിമ എങ്ങനെ തീർക്കുമെന്ന് ആലോചിച്ചെന്നും അത്രയും സ്ട്രെസ് വന്നെന്നും മഹേഷ് പറയുന്നുണ്ട്. എഡിറ്റ് ക്ലാരിറ്റിയോടെ സിനിമ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഒരുപാട് നാൾ ഷൂട്ട് പോകുമെന്നും തന്റെ കയ്യിൽ നിൽക്കാതെ വരുമെന്നും മഹേഷ് നാരായണൻ പറയുന്നുണ്ട്. തന്റെ സിനിമയിൽ വളരെ കുറച്ചേ വെട്ടിക്കളഞ്ഞിട്ടുള്ളൂയെന്നും മഹേഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മാലിക്കിനകത്ത് ഇത്രയും ജൂനിയേഴ്സ് ഒക്കെ വരുന്ന സമയത്ത് ഒരു പീരീഡ് കഴിഞ്ഞപ്പോഴേക്കും ജൂനിയർസിനെ സപ്ലൈ ചെയ്യുന്ന ആൾ വന്നിട്ട് എന്നോട് പറഞ്ഞു, ഇനി കേരളത്തിൽ ജൂനിയേഴ്സ് ഇല്ല എന്ന്. ഇനി നിങ്ങൾ തെറി പറയണ്ട ഇനി ജൂനിയേഴ്സ് ഇല്ല എന്ന് പറഞ്ഞു. ഞാൻ അങ്ങനെ ചിന്തിച്ചു. ഇനി ഇത് എവിടെ കൊണ്ട് തീർക്കും. ഇതെന്തായാലും കൂട്ടിക്കെട്ടേണ്ട എന്ന്. ആ ഒരു സ്ട്രസ്സ് സത്യം പറഞ്ഞാൽ ഉണ്ട്.
ആ എഡിറ്റ് ക്ലാരിറ്റിയോടെ പോയിട്ടില്ലെങ്കിൽ ചിലപ്പോൾ അത് എക്സ്റ്റന്റ് ആയി പോകും. കയ്യിൽ നിൽക്കാതെ വരാം. ഒത്തിരി ദിവസങ്ങൾ വരാം. പൊതുവേ എന്റെ സിനിമയിൽ വേസ്റ്റേജ് കുറവാണ്. ഞാൻ വെട്ടിക്കളഞ്ഞിരിക്കുന്നത് വളരെ കുറവാണ്. വളരെ കുറച്ചു സീൻസ് മാത്രമേ ഞാൻ വെട്ടിക്കളഞ്ഞിട്ടുള്ളൂ.
മാലിക്കിനകത്തു ഏറ്റവും വലിയ വിമർശനം എനിക്ക് കിട്ടിയത് പലപ്പോഴും പല ഇമോഷൻസും കണ്ടിന്യൂ കിട്ടുന്നില്ല എന്നതാണ്. അത് എന്റെ മിസ്റ്റേക്ക് ആണ്. അത് എവിടെയോ ഞാൻ തന്നെ വെട്ടിക്കളഞ്ഞു. എഴുത്തിൽ തന്നെ വെട്ടിക്കളഞ്ഞു. അടുത്ത പടത്തിലേക്ക് എത്തുമ്പോൾ ഞാൻ അത് പഠിക്കുക എന്നതാണല്ലോ ചെയ്യേണ്ടത്,’ മഹേഷ് നാരായണൻ പറഞ്ഞു.
Content Highlight: Mahesh narayanan about malik movie