കുഞ്ചാക്കോ ബോബന്‍, ദിവ്യ പ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. ഡിസംബര്‍ 16ന് നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ദല്‍ഹിയിലെ ഗ്ലൗസ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഹരീഷിന്റെയും രശ്മിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. രശ്മിയുടേതെന്ന പേരില്‍ ഒരു അശ്ലീല വീഡിയോ പ്രചരിക്കുന്നതും തുടര്‍ന്ന് ദമ്പതിമാര്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് സൂചന.
അറിയിപ്പിലേക്ക് കുഞ്ചാക്കോ ബോബന്‍ എത്തിയതിനെ കുറിച്ചും ഫഹദ് ഫാസിലുമായി അസോസിയേറ്റ് ചെയ്യുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍.
അറിയിപ്പ് സിനിമയുടെ മറ്റ് കാര്യങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് അഭിനേതാക്കളെ നിശ്ചയിച്ചതെന്നും തന്റെ സിനിമകള്‍ ഒരിക്കലും താരങ്ങളെയല്ല വേണ്ടതെന്നുമാണ് മഹേഷ് പറയുന്നത്.
”എല്ലാം തീരുമാനിച്ച് കഴിഞ്ഞ ശേഷമാണ് ഞാന്‍ ഇതില്‍ അഭിനയിക്കേണ്ടവരുടെ മുഖം കാണുന്നത്. നിങ്ങള്‍ ഫഹദുമായി കൂടുതല്‍ അസോസിയേറ്റ് ചെയ്യുന്നുണ്ടല്ലോ, അതുകൊണ്ട് സിനിമ ചെയ്യുമ്പോള്‍ എപ്പോഴും ഫഹദിന്റെ മുഖം മനസിലേക്ക് വരാറുണ്ടോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.
അങ്ങനെയില്ല. പലപ്പോഴും എന്റെ സുഹൃത്തുക്കളോട് ഞാന്‍ ഇതിനെകുറിച്ച് സംസാരിക്കാറുണ്ട്. ഒരാളെ നമ്മള്‍ ഒരു സ്ഥലത്ത് പ്ലേസ് ചെയ്താല്‍ അവരെ നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റണം, എന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ പെര്‍ഫോമന്‍സിനേക്കാള്‍ കൂടുതല്‍ നമുക്ക് വേണ്ടത് അവര്‍ ആ സ്ഥലത്ത് ഫിറ്റാകുന്നുണ്ടോ എന്നതാണ്.
അവര്‍ ആ സ്ഥലത്ത് നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ ഫിലിം മേക്കറുടെ പരാജയമാണ്. ഒരു ഫാക്ടറിയിലെ തൊഴിലാളികളായി കാണിക്കുന്ന സമയത്ത് ഒരിക്കലും അവര്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ പാടില്ല. ഒരു വലിയ താരത്തെയല്ല അതിന് വേണ്ടത്.
താരത്തിന്റെ പിറകെയല്ല എന്റെ ഒരു സിനിമകളും. മാലിക് പോലും ഒരു താരത്തെ ഡിപ്പന്‍ഡ് ചെയ്യുന്ന സിനിമയായി എനിക്ക് പറയാനാവില്ല.
ഇങ്ങനെയൊരു സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ എന്ന വ്യക്തി ഒരു ഭാഗമായി. ഞാന്‍ വളരെക്കാലമായി അദ്ദേഹത്തിന്റെ സുഹൃത്താണ്. രണ്ടാം വരവില്‍ ഞാന്‍ അദ്ദേഹത്തിന്റെ പല സിനിമകളുടെയും ഭാഗമായിട്ടുണ്ട്. ട്രാഫിക് പോലുള്ള സിനിമകളില്‍ എഡിറ്ററായിരുന്നു.
നിങ്ങള്‍ നിങ്ങളുടെ ലിമിറ്റുകള്‍ കുറച്ചുകൂടി പുഷ് ചെയ്യണം, എന്നാണ് നമ്മളെല്ലാവരും അദ്ദേഹത്തോട് പറഞ്ഞിരുന്നത്. പുള്ളി എപ്പോഴും ഒരു കംഫര്‍ട്ട് സോണില്‍ ജീവിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഇപ്പോള്‍, കഴിഞ്ഞ ഒരു നാലഞ്ച് കൊല്ലമായാണ് പുള്ളി അത് ബ്രേക്ക് ചെയ്ത് വരുന്നത്. വലിയൊരു മാറ്റമാണത്. പുള്ളിയും അത് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്,” മഹേഷ് നാരായണന്‍ പറഞ്ഞു.
അതേസമയം, നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബുസാന്‍ ചലച്ചിത്ര മേള, ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയവയിലും പ്രദര്‍ശിപ്പിച്ചു. ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളുടെ മത്സര വിഭാഗത്തിലേക്കും അറിയിപ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ലവ്‌ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Mahesh Narayanan about Kunchacko Boban and Ariyippu movie