| Tuesday, 31st August 2021, 4:37 pm

മഹേഷ് നാരായണന്‍ ബോളിവുഡിലേക്ക്; ആരോഗ്യമേഖലയിലെ ഞെട്ടിക്കുന്ന അഴിമതിയെക്കുറിച്ചുള്ള സിനിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളിയുടെ സിനിമാസ്വാദനത്തിന് പുത്തന്‍ തലങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് മഹേഷ് നാരായണന്‍. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ മഹേഷ് നാരായണന്‍ ബോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പണിപ്പുരയിലാണ്.

ഫാന്റം ഹോസ്പിറ്റല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യയിലെ അരോഗ്യമേഖലയിലെ സംഭവവികാസങ്ങളെ കുറിച്ചുള്ള കഥയാണ് പറയുന്നത്.

തല്‍വാര്‍, റാസി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച പ്രീതി ഷഹാനിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. തന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസായ ടസ്‌ക് ടേല്‍ ഫിലിംസിന്റ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് പ്രീതി അറിയിച്ചിട്ടുള്ളത്.

മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫിനൊപ്പം ചേര്‍ന്നാണ് മഹേഷ് നാരായണനും ആകാശ് മൊഹിമെനും ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം നിര്‍മിക്കുന്നതെന്നും ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച പ്രീതി ഷഹാനിക്കും ജോസി ജോസഫിനുമൊപ്പമുള്ള ഗവേഷണങ്ങള്‍ കഥയ്ക്ക് മികച്ച മുതല്‍ക്കൂട്ടായതില്‍ ഏറെ സന്തോഷമുണ്ടെന്നും മഹേഷ് നാരായണന്‍ പറഞ്ഞു.

തന്റെ സിനിമകള്‍ക്ക് ഹിന്ദി പ്രേക്ഷകരില്‍ നിന്ന് ഒരുപാട് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ നല്ല ഒരു ഹിന്ദി ചിത്രം സംവിധാനം ചെയ്യാന്‍ വളരെയധികം ആഗ്രഹമുണ്ടെന്നും മഹേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനായ മഹേഷ് നാരായണനും ഇന്ത്യയിലെ തന്നെ മികച്ച മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫിനും ഒപ്പം ചേരുന്നതില്‍ തനിക്ക് അതിയായ ആവേശമുണ്ടെന്ന് പ്രീതി ഷഹാനി പറയുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിനു ശേഷം സിനിമയിലെ കാസ്റ്റിനെ കുറിച്ചും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MAHESH NARAYANAN ABOUT HIS DEBUTE IN BOLLYWOOD

We use cookies to give you the best possible experience. Learn more