ദിവ്യ പ്രഭ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയുടെ സത്യാവസ്ഥ തെളിയിക്കാന്‍ രശ്മി എന്ന സാധാരണക്കാരി നടത്തുന്ന പോരാട്ടമാണ് അറിയിപ്പിന്റെ ഇതിവൃത്തം. ഒ.ടി.ടി റിലീസായി എത്തിയ ചിത്രമായിരുന്നു അറിയിപ്പ്.
ദിലീഷ് പോത്തൻ സിനിമ ഓർഡറിൽ ചെയ്യുന്നത് കാണുമ്പോൾ തനിക്ക് കൊതി തോന്നാറുണ്ടെന്നും അറിയിപ്പ് സിനിമ ചെയ്യുമ്പോൾ ആ രീതിയാണ് പിന്തുടർന്നതെന്നും മഹേഷ് നാരായണൻ പറയുന്നു.
‘ദിലീഷ് ഷൂട്ട് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് കൊതി തോന്നാറുണ്ട്. ദിലീഷിന് സിനിമ ഓർഡറിൽ ഷൂട്ട് ചെയ്യാൻ പറ്റും. അറിയിപ്പ് പോലൊരു സിനിമ വന്നപ്പോൾ, ഒരു ഫാക്ടറി ഉണ്ട്. പ്രൊഡക്ഷനിൽ ഞാനും കൂടെ ഉള്ളതുകൊണ്ട് ചാക്കോച്ചൻ വന്ന് ചോദിച്ചു, ഇറാഖും ഇവിടെ ഉണ്ടാക്കിയാൽ നമുക്ക് ഫാക്ടറി ഇവിടെ ചെയ്താൽ പോരേയെന്ന്.
ഞാൻ പറഞ്ഞത് എനിക്ക് പടം ഓർഡറിൽ ചെയ്തേ പറ്റൂ എന്നാണ്. അത് നിർബന്ധം പിടിച്ച് ഞാൻ ഫാക്ടറി നോയിഡയിൽ കൊണ്ടു വന്ന് സെറ്റപ്പ് ചെയ്തു. രാവിലെ ഫാക്ടറി, വൈകുന്നേരം വീട് എന്ന രീതിയിൽ ഷൂട്ട് ചെയ്യാൻ തുടങ്ങി. എനിക്കിങ്ങനെ ചെയ്യാൻ ഉള്ള കൊതി കൊണ്ടാണ്. സ്വന്തമായിട്ട് പ്രൊഡക്ഷൻ ചെയ്യുന്നതുകൊണ്ട് നമുക്ക് അത് സാധ്യമാകുന്നത്,’ മഹേഷ് നാരായൺ പറഞ്ഞു.
അതേസമയം മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ ഇപ്പോൾ സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ചിത്രത്തിന്റെ ഷൂട്ട് ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
Content Highlight: Mahesh Narayanan About Dileesh Pothan