കൊച്ചി: ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമായ മാലിക് ജൂലൈ 15ന് റിലീസ് ചെയ്യുകയാണ്. കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ഒ.ടി.ടി. റിലീസിന് എത്തുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.
ട്രെയിലര്‍ പോലെ തന്നെ വളരെയധികം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ചിത്രമാണോ മാലിക് എന്ന സംശയത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ കൂടിയായ മഹേഷ് നാരായണന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷിന്റെ പ്രതികരണം.
‘സാധാരണ എന്റെ കഥകള്‍ കേള്‍ക്കുന്ന പലരും പറയാറുണ്ട്, കഥ വളരെ ഹാര്‍ഡ് ആണെന്ന്. ചിലര്‍ക്ക് കണ്ടിരിക്കാന്‍ പറ്റില്ലന്നൊക്കെ. ടേക്ക് ഓഫ് എടുക്കുന്ന സമയത്തൊക്കെ ഇതുപോലത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. പാര്‍വതിയെ ഇങ്ങനെ കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്.
ഒന്നാമത് ഗര്‍ഭിണി. അതിനിടെ ഇത്രയും പ്രശ്‌നങ്ങള്‍. യുദ്ധം. അതൊക്കെ ഭയങ്കര നെഗറ്റിവിറ്റിയാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഫഹദ് തന്നെ പറയാറുണ്ട്, ശ്വാസം വിടാന്‍ സമയം കൊടുക്ക് എവിടെയെങ്കിലുമൊക്കെ എന്ന്.
ഇങ്ങനെ കടുംപിടുത്തം വേണോ എന്നൊക്കെ. അതൊക്കെ വെച്ച് എന്നെക്കൊണ്ട് കഴിയാവുന്ന രീതിയില്‍ അയഞ്ഞെഴുതിയ പടമാണ് ഇത്,’മഹേഷ് നാരായണന്‍ പറഞ്ഞു.
നേരത്തെ തിയേറ്ററിലെത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പല തവണ മാറ്റിവെച്ചിരുന്നു.
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.
സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.