സ്വന്തം സിനിമ എഡിറ്റ് ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? മനസ്സുതുറന്ന് മഹേഷ് നാരായണന്‍
Movie Day
സ്വന്തം സിനിമ എഡിറ്റ് ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? മനസ്സുതുറന്ന് മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th July 2021, 11:04 am

കൊച്ചി: എഡിറ്റിംഗില്‍ നിന്ന് സംവിധാനത്തിലേക്ക് തിരിഞ്ഞയാളാണ് മഹേഷ് നാരായണന്‍. സംവിധായകന്‍ തന്നെ എഡിറ്ററാകുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി തുറന്നുപറയുകയാണ് മഹേഷ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ എഴുതുന്നത് തന്നെ ഒരു എഡിറ്റിന് വേണ്ടിയിട്ടാണ്. അതാണ് അത്യന്തികമായി സംഭവിക്കുന്നത്. ഒരു എഡിറ്റ് മനസ്സില്‍ കണ്ടുകൊണ്ട് എഴുതുന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് വേറൊരു എഡിറ്ററെ ആശ്രയിക്കാന്‍ തോന്നാത്തത്.

സീ യു സൂണ്‍ ഒഴികെ എന്റെ ബാക്കി എല്ലാ പടങ്ങളിലും പാക്ക് അപ്പ് ദിവസം തന്നെ പടത്തിന്റെ റഫ് കട്ട് കണ്ടിട്ട് പോകാവുന്നതാണ്. അതൊരു സ്‌പോട്ട് എഡിറ്റ് ഒന്നുമല്ല. അന്നന്ന് രാത്രികളില്‍ പോയിരുന്ന് എഡിറ്റ് ചെയ്യാതെ എനിക്ക് ഒരു സമാധാനമുണ്ടാകില്ല’, മഹേഷ് നാരായണന്‍.

ജൂലൈ 15നാണ് മാലിക് റിലീസ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ഒ.ടി.ടി. റിലീസ് ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.

2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, സലിംകുമാര്‍, ഇന്ദ്രന്‍സ്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Mahesh Narayan About Challenges Faced During Editing