നടന്‍ കൊല്ലം സുധിയുടെ മരണത്തിന് കാരണമായ കാറപകടത്തില്‍ അദ്ദേഹത്തിനൊപ്പം ആര്‍ട്ടിസ്റ്റുകളായ ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഉണ്ടായിരുന്നു. ഇരുവര്‍ക്കും അപകടത്തില്‍ ഗുരുതര പരിക്ക് പറ്റിയെങ്കിലും വിദഗ്ധ ചികിത്സക്ക് ശേഷം താരങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.
തലക്കും മുഖത്തിനും പരിക്ക് പറ്റി ചികിത്സയിലായ ശേഷം അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് മഹേഷ് കുഞ്ഞുമോനിപ്പോള്‍.
തനിക്ക് വേണ്ടി ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും അവരോട് നന്ദിയുണ്ടെന്നുമാണ് ട്വന്റി ഫോന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുമോന്‍ പറയുന്നത്. സര്‍ജറി കഴിഞ്ഞ് വീട്ടിലേക്ക് വന്നിരിക്കുകയാണെന്നും തുടര്‍ ചികിത്സയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറയുന്നു. ഞാന്‍ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ്. മിമിക്രി ആണ് എന്റെ മെയിന്‍. മിമിക്രിയിലൂടെയാണ് എന്നെ ഒരുപാട് പേര്‍ ഇഷ്ടപ്പെട്ടത്.
പക്ഷേ കുറച്ചു നാളത്തേക്ക് ഇനി റെസ്റ്റാണ്. നിങ്ങളാരും വിഷമിക്കേണ്ട. പഴയതിനേക്കാള്‍ അടിപൊളിയായി ഞാന്‍ തിരിച്ചുവരും. അപ്പോഴും നിങ്ങള്‍ പ്രേക്ഷകര്‍ എന്റെ കൂടെയുണ്ടാകണം. പിന്തുണക്കണം. എന്നാണ് എനിക്ക് പറയാനുള്ളത്,’ മഹേഷ് പറഞ്ഞു.
കൈപ്പമംഗലത്തുവെച്ചുണ്ടായ അപകടത്തെക്കുറിച്ചും ആ രാത്രി നടന്ന സംഭവങ്ങളെക്കുറിച്ചും മഹേഷ് മനസുതുറന്നു.
‘ഡബ്ബിങ്ങിന്റെ വോയിസ് ടെസ്റ്റിങ് കാരണം വടകരയില്‍ പരിപാടി കഴിഞ്ഞ് എനിക്ക് എറണാകുളത്തേക്ക് അത്യാവശ്യമായി എത്തേണ്ട ആവശ്യം ഉണ്ടായിരുന്നു. അങ്ങനെ പ്രോഗ്രാം ഡയറക്ടര്‍ ഉണ്ണിച്ചേട്ടനോട് ഞാന്‍ പറഞ്ഞു. ചേട്ടാ ഒരു വണ്ടി അറേഞ്ച് ചെയ്യുമോ എന്ന്.
അങ്ങനെയാണ് ബിനുച്ചേട്ടനും(ബിനു അടിമാലി), സുധിച്ചേട്ടനും(കൊല്ലം സുധി) പോകുന്ന വണ്ടിയില്‍ പോകാമെന്ന് പറഞ്ഞത്. അവര്‍ ആലുവയില്‍ എന്നെ ഇറക്കാമെന്നും പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പോയതാണ്. വണ്ടിയില്‍ കയറി നല്ല ഹാപ്പിയായിട്ട് കഥകളൊക്കെ പറഞ്ഞാണ് പോയത്. ബിനുച്ചേട്ടനെ അറിയാലോ, പുള്ളി കോമഡിയൊക്കെ പറഞ്ഞ് നല്ല രസമായിട്ടായിരുന്നു യാത്ര.
അതിനിടയില്‍ വണ്ടിയില്‍ നിന്ന് ഞാന്‍ നന്നായി ഉറങ്ങിപ്പോയി. സാധാരണ പ്രോഗ്രാമൊക്കെ കഴിഞ്ഞ് ഒരുപാട് ലേറ്റ് ആയിട്ടാണ് വീട്ടില്‍ എത്താറ്. ഉറക്കം ഒന്നും അത്ര പ്രോപ്പറാകാറില്ല. വണ്ടിയിലുള്ളവരും നല്ല ഉറക്കത്തിലായിരുന്നു.
അപകടം നടന്ന സമയത്ത് എനിക്ക് ഒന്നും ഓര്‍മയില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍വെച്ചാണ് ഞാന്‍ ഉണരുന്നത്. എന്റെ പല്ല് പോയതുകൊണ്ടും മുഖം ചതഞ്ഞിരിക്കുന്നതിനാലും എനിക്ക് വ്യക്തമായി സംസാരിക്കാന്‍ അപ്പോള്‍ പറ്റിയില്ല. വണ്ടിയില്‍ വേറെ പരിചയമുള്ളവരെയൊക്കെ ഞാന്‍ കാണുന്നുണ്ട്. അപകടം പറ്റിയതാണെന്ന് എനിക്ക് മനസിലായി. കൂടെയുള്ളവരെ ആരെയും കാണുന്നുമില്ല. അതിനിടയില്‍ ബിനുച്ചേട്ടനേയും സുധിച്ചേട്ടനേയും ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു,’ മഹേഷ് കുഞ്ഞുമോന്‍ പറഞ്ഞു.
സുധിച്ചേട്ടന്‍ മരിച്ചത് താന്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നെന്നും പക്ഷേ അപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘സര്‍ജറി സമയത്താണ് ഞാന്‍ കോണ്‍ഷ്യസായത്. ആ സമയത്താണ് ഡോക്ടര്‍മാര്‍ വഴി
സുധിച്ചേട്ടന്‍ മരിച്ചത് ഞാന്‍ അറിയുന്നത്. പക്ഷേ, കൂടെയുള്ളവര്‍ കരുതിയത് ഞാന്‍ ആ വാര്‍ത്ത അറിഞ്ഞിട്ടില്ലെന്നാണ്. അതുകൊണ്ട് അതിനെപ്പറ്റി ഞാന്‍ ചോദിക്കുമ്പോള്‍ കുഴപ്പമില്ലെന്ന മറുപടിയാണ് എല്ലാവരും പറഞ്ഞത്.
പക്ഷേ, സത്യാവസ്ഥ എനിക്ക് അറിയാമായിരുന്നു. എന്റെ മുഖം അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അപ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു,’ മഹേഷ് കുഞ്ഞുമോന്‍ പറഞ്ഞു.