ന്യൂദല്‍ഹി: ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്നയ്‌ക്കെതിരേ മഹേഷ് ഭൂപതി രംഗത്തെത്തി. അനില്‍ ഖന്ന തന്നോടും രോഹന്‍ ബൊപ്പണ്ണയോടുമുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും ഇതിന് പെയ്‌സുമായുള്ള പ്രശ്‌നം ഉപയോഗിക്കുകയായിരുന്നുവെന്നും മഹേഷ് ഭൂപതി പറഞ്ഞു.
പെയ്‌സും താനുമായുള്ള ഭിന്നത മുതലെടുക്കുകയായിരുന്നു അനില്‍ ഖന്നയെന്നും തങ്ങളുടെ പിണക്കം എപ്പോഴും ആസ്വദിച്ചിട്ടുള്ള ആളാണ് ഖന്നയെന്നും ഭൂപതി കുറ്റപ്പെടുത്തി. മഹേഷിനെയും രോഹന്‍ ബൊപ്പണ്ണയെയും രണ്ട് വര്‍ഷത്തേക്ക് ടെന്നീസില്‍ നിന്നും അസോസിയേഷന്‍ വിലക്കിയിരുന്നു. []
ഇന്നലെയാണ് അസോസിയേഷന്‍ ഇരുവരെയും 2014 ജൂണ്‍ 30 വരെ വിലക്കിയത്. അച്ചടക്ക നടപടിയുടെ പേരിലാണ് വിലക്ക്. ഒളിമ്പിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌സിനൊപ്പം കളിക്കാന്‍ തയ്യാറാവാതിരുന്നതാണ് ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ടെന്നീസ് അസോസിയേഷനെ പ്രേരിപ്പിച്ചത്.
ഒളിമ്പിക്‌സില്‍ ഇരുവരുടെയും വാശിയെ തുടര്‍ന്ന് രണ്ട് ടീമുകളെയാണ് ഇന്ത്യ അയച്ചത്. അടുത്ത ഡേവിസ് കപ്പിലും ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.