| Monday, 12th November 2012, 12:44 am

എ.ടി.പി വേള്‍ഡ് ടൂര്‍: ഭൂപതി രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍ മത്സരത്തിന് മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം യോഗ്യത നേടി. ആവേശകരമായ സെമിയില്‍ ലിയാന്‍ഡര്‍ പെയ്‌സ്-റാഡെക് സ്‌റ്റെപാനെക് സഖ്യത്തെ സൂപ്പര്‍ ടൈബ്രേക്കറിലൂടെയാണ് അവര്‍ മറികടന്നത്.[]

സ്‌കോര്‍: 4-6, 6-1, 12-10. തോല്‍വി അറിയാതെ സെമിയിലെത്തിയ ഏക ടീമാണ് പെയ്‌സ്- സ്‌റ്റെപാനെക് സഖ്യം. മൂന്ന് മത്സരങ്ങളില്‍ മൂന്ന് വിജയവുമായാണ് അവര്‍ സെമിയില്‍ കടന്നത്.

ഒരു തരത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞ മാസം ഷാന്‍ഹായ് മാസ്‌റ്റേഴ്‌സ് ഫൈനലിലേറ്റ പരാജയത്തിന് ഭൂപതി-ബൊപ്പണ്ണ സഖ്യം മധുര പ്രതികാരം വീട്ടുകായിരുന്നെന്നും പറയാം.

ഒളിമ്പിക്‌സില്‍ തനിക്കൊപ്പം കളിക്കാനാവില്ലെന്ന് പറഞ്ഞവര്‍ക്കെതിരെ തന്റെ പ്രതികാരമാണ് ഷാന്‍ഹായ് വിജയമെന്ന് ലിയാന്‍ഡര്‍ പെയ്‌സ് അന്ന് പറഞ്ഞിരുന്നു.

എ.ടി.പി വേള്‍ഡ് ടൂറില്‍ ഭൂപതി 12-ാം തവണയാണ് മത്സരിക്കുന്നത്. നാല് തവണ റണ്ണര്‍ അപ് ആയിട്ടുണ്ട്. അതില്‍ മൂന്നുതവണയും പെയ്‌സിനൊപ്പമായിരുന്നു. 1997, 1999, 2000 വര്‍ഷങ്ങളിലായിരുന്നു പെയ്‌സിനൊപ്പം രണ്ടാം സ്ഥാനത്ത് എത്തിയത്.

ഒരു സഖ്യമെന്ന നിലയില്‍ ആദ്യമായി വേള്‍ഡ് ടൂറില്‍ കളിക്കുന്ന ഭൂപതി-ബൊപ്പണ്ണ സഖ്യം ഇനി ഫൈനലില്‍ വിജയിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 1977ല്‍ വിജയ് അമൃത്‌രാജിനുശേഷം ഇന്ത്യയില്‍ നിന്നാരും കിരീടം നേടിയിട്ടില്ല.

We use cookies to give you the best possible experience. Learn more