അടുത്തിടെ ഹിന്ദി ദേശീയ ഭാഷയിലൂന്നിയുള്ള കിച്ചാ സുദീപ്- അജയ് ദേവ്ഗണ്‍ തര്‍ക്കം ട്വിറ്ററില്‍ രൂക്ഷമായിരുന്നു. ഹിന്ദി ദേശീയ ഭാഷയല്ലെന്ന കിച്ച സുദീപിന്റെ അഭിപ്രായത്തോട് ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ നിങ്ങള്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണ്‍ ചോദിച്ചത്.
ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഹിന്ദി നിര്‍മാതാവ് മഹേഷ് ഭട്ട്. ദേശീയ ഭാഷയെ പറ്റിയുള്ള തര്‍ക്കങ്ങള്‍ വിഡ്ഢിത്തമാണെന്നും വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജയ് ദേവ്ഗണ്‍-കിച്ചാ സുദീപ് തര്‍ക്കത്തോടുള്ള ചോദ്യത്തിനാണ് മഹേഷ് ഭട്ട് ഇക്കാര്യം പറഞ്ഞത്.
‘അതിനെ പറ്റി പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ദേശീയ ഭാഷയെ പറ്റിയുള്ള ഈ വക വിഡ്ഢിത്തങ്ങളൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. ഇന്ത്യ വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ്, അതാണ് ഈ രാജ്യത്തിന്റെ സൗന്ദര്യം. ഇതാണ് ഇന്ത്യയുടെ പ്രത്യേകത. അതാണ് ഇന്ത്യയുടെ ശക്തി, അത് ശക്തമായി നിലനില്‍ക്കണം,’ മഹേഷ് ഭട്ട് പറഞ്ഞു.
നേരത്തെ, കെ.ജി.എഫ് സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കവെ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് ഒരു പരിപാടിയില്‍ വെച്ച് കന്നഡ നടന്‍ കിച്ച സുദീപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്തിനാണ് സിനിമകള്‍ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണ്‍ ട്വീറ്റിലൂടെ ചോദിച്ചത്. പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
ബോളിവുഡിന് തന്നെ താങ്ങാനാവുന്നില്ലെന്ന തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്ഡറെ പ്രസ്താവനയോടും മഹേഷ് ഭട്ട് പ്രതികരണം നടത്തിയിരുന്നു.
മഹേഷ് ബാബുവിന്റെ പ്രതിഫലം ബോളിവുഡിന് കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ നല്ല കാര്യമെന്നാണ് മഹേഷ് ഭട്ട് പറഞ്ഞത്. മഹേഷ് ബാബു കഴിവുള്ള നടനാണെന്നും ബോളിവുഡിന് അദ്ദേഹത്തിന്റെ എക്സ്പെറ്റഷേന് അനുസരിച്ച് പ്രതിഫലം നല്‍കാനാവുന്നില്ലെങ്കില്‍ അതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: mahesh bhatt said the controversy over the national language was nonsense and that diversity was India’s strength