ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് സംവിധായകനാണ് എസ്.എസ്. രാജമൗലി. കരിയറില്‍ ചെയ്ത 12 സിനിമകളും സൂപ്പര്‍ഹിറ്റാക്കിയ രാജമൗലി ഇന്ത്യന്‍ സിനിമയില്‍ തന്റെ റേഞ്ച് വ്യക്തമാക്കിയത് ബാഹുബലിയിലൂടെയായിരുന്നു. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ ബാഹുബലി 3000 കോടിയോളം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കി. തൊട്ടടുത്ത ചിത്രമായ ആര്‍.ആര്‍.ആര്‍ ഓസ്‌കര്‍ വേദിയിലും ഇന്ത്യയുടെ യശസ്സുയര്‍ത്തിയിരുന്നു.
രാജമൗലിയുടെ അടുത്ത ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ ഫാന്റസി ഴോണറിലുള്ളതാണെന്ന് മുമ്പ് അറിയിച്ചിരുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവാണ് രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായകന്‍. ചിത്രത്തിനായി വമ്പന്‍ തയാറെടുപ്പുകളാണ് രാജമൗലി എടുക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
എസ്.എസ്.എം.ബി 29 എന്ന് താത്കാലിക ടൈറ്റില്‍ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോ പ്രൊഡ്യൂസറായ തമ്മറെഡ്ഡി ഭരദ്വാജ്. 1000-1300 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുകയെന്നും ഹോളിവുഡില്‍ നിന്ന് വലിയൊരു പ്രൊഡക്ഷന്‍ കമ്പനി ചിത്രത്തിന്റെ നിര്‍മാണപങ്കാളിയാകുമെന്നും ഭരദ്വാജ് അറിയിച്ചു. ഡ്രീം മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭരദ്വാജ് ഇക്കാര്യം പറഞ്ഞത്.
‘ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ട് നടന്നുകൊണ്ടിരിക്കുകയാണ്. ആര്‍.ആര്‍.ആര്‍. കൊണ്ടൊന്നും രാജമൗലി ഒന്നും നിര്‍ത്തില്ല. ഈ സിനിമയുടെ ബജറ്റ് പ്രതീക്ഷിക്കുന്നത് 1000-1300 കോടിയാണ്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ നാഴികക്കല്ലായി ഈ ചിത്രം മാറും,’ തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞു.
ഇതിന് പിന്നാലെയാണ് രാജമൗലി എടുക്കുന്ന റിസ്‌കിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായത്. കരിയറില്‍ ഇന്നേവരെ ഒരു സിനിമ പോലും 300 കോടി കളക്ട് ചെയ്യത്ത മഹേഷ് ബാബുവിനെ വെച്ച് ഇത്രയും വലിയ റിസ്‌ക് രാജമൗലി എടുക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച. 2020ല്‍ റിലീസ് ചെയ്ത സരിലേരു നീക്കെവ്വരു ആണ് മഹേഷ് ബാബുവിന്റെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം. 207 കോടിയാണ് ചിത്രം നേടിയത്.
എന്നാല്‍ നായകന്റെ പേരിലല്ല, സംവിധായകന്റെ പേരിലാണ് എസ്.എസ്.എം.ബി 29 മാര്‍ക്കറ്റ് ചെയ്യുന്നതെന്നും ബാഹുബലിക്ക് മുമ്പ് പ്രഭാസിന് 100 കേടി ക്ലബ്ബില്‍ ഒരു സിനിമ പോലുമില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. പാന്‍ ഇന്ത്യ വിട്ട് പാന്‍ വേള്‍ഡ് ലെവലില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്ന് പൃഥ്വിരാജും ഭാഗമാകുന്നുണ്ടെന്ന തരത്തില്‍ റൂമറുകളും നിലനില്‍ക്കുന്നുണ്ട്.
Content Highlight: Mahesh Babu Rajamouli movie estimated budget is up to 1300 says co producer