ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് മഹേഷ് ബാബു. തെലുങ്കിലെ മുന്‍കാല സൂപ്പര്‍താരമായ കൃഷ്ണയുടെ മകനാണ് മഹേഷ് ബാബു. 1979ല്‍ നീഡ എന്ന ചിത്രത്തില്‍ ബാലതാരമായി വന്ന മഹേഷ് ബാബു 1999ല്‍ പുറത്തിറങ്ങിയ രാജകുമാരുഡു എന്ന ചിത്രത്തിലൂടെ നായകനുമായി.
താരത്തിന്റെ പുതിയ ചിത്രമായ ഗുണ്ടൂര്‍ കാരത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ നടത്തിയ പ്രസംഗം ആരാധകരുടെ ഹൃദയം കവര്‍ന്നു. ‘സിനിമയില്‍ എത്തിയിട്ട് 25ാമത്തെ വര്‍ഷമാണിത്. എന്റെ ഓരോ സിനിമകള്‍ ഇറങ്ങുമ്പോഴും എന്റെ അച്ഛന്‍ ഫോണ്‍ വിളിച്ച് അഭിപ്രായം പറയാറുണ്ട്, പക്ഷേ ഇപ്പോള്‍ അദ്ദേഹം ഇല്ല. ഇനിമുതല്‍ നിങ്ങള്‍ ആരാധകരാണ് എന്റെ അമ്മ…നിങ്ങളാണ് എന്റെ അച്ഛന്‍….നിങ്ങളാണ് എനിക്കെല്ലാം’ ആരാധകരോട് വികരാധീനനായി മഹേഷ് ബാബു പറഞ്ഞു. താരത്തിന്റെ അച്ഛന്‍ കൃഷ്ണ 2022ലാണ് മരണപ്പെടുന്നത്.
ആക്ഷന്‍ സിനിമകളിലൂടെ തെലുങ്കില്‍ സ്വന്തമായി ഫാന്‍ബേസ് ഉണ്ടാക്കിയെടുത്ത താരത്തെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം പ്രിന്‍സ് എന്ന് വിളിച്ചു.തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ കൂടിയാണ് മഹേഷ് ബാബു. 2006ല്‍ പുറത്തിറങ്ങിയ പോക്കിരി എന്ന ചിത്രം അതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റ് ആവുകയും മഹേഷ് ബാബുവിനെ തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ ആക്കുകയും ചെയ്തു.
സിനിമയിലെത്തി 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന മഹേഷിന്റെ 28ാം ചിത്രമാണ് ഗുണ്ടൂര്‍ കാരം. ‘അല വൈകുണ്ഠപുരം ലോ’ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിന് ശേഷം ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുണ്ടൂര്‍ കാരം. ഇത് മൂന്നാം തവണയാണ് ത്രിവിക്രവും മഹേഷ് ബാബുവും ഒന്നിക്കുന്നത്. ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച അത്തഡു, ഖലേജ എന്നീ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. ജനുവരി 12ന് സംക്രാന്തി റിലീസ് ആയാണ് ചിത്രം എത്തുന്നത്.
ശ്രീലീല, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രമ്യാ കൃഷ്ണന്‍, പ്രകാശ് രാജ്, ജഗപതി ബാബു, റാവു രമേഷ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. എസ്. തമന്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്. ഹാരിക ആന്‍ഡ് ഹാസൈന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ്.രാധാകൃഷ്ണയാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlight: Mahesh Babu gets emotional on Guntur Kaaram pre release event