തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. തിയേറ്ററില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ചിത്രമാണ് ഇത്.
മമിത ബൈജു, നസ്ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ്. സിനിമക്ക് പൊതുവെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ റിലീസായിരുന്നു. സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയായിരുന്നു തെലുങ്ക് ഡബ്ബിങ് റൈറ്റ്സ് വാങ്ങിയിരുന്നത്.
ഇപ്പോള്‍ സിനിമ കണ്ട് പ്രേമലുവിനെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചിരിക്കുകയാണ് തെലുങ്ക് താരം മഹേഷ് ബാബു. തെലുങ്ക് പ്രേക്ഷകരിേലക്ക് ഈ സിനിമയെത്തിച്ചതിന് എസ്.എസ്. കാര്‍ത്തികേയക്ക് താരം നന്ദിയും പറഞ്ഞു.
അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ മറ്റൊന്നില്ലെന്നും തനിക്കും കുടുംബത്തിനും പ്രേമലു ഇഷ്ടപ്പെട്ടെന്നും മഹേഷ് തന്റെ എക്‌സില്‍ കുറിക്കുകയായിരുന്നു.
‘തെലുങ്ക് പ്രേക്ഷകരിലേക്ക് പ്രേമലു എത്തിച്ചതിന് എസ്.എസ്. കാര്‍ത്തികേയയ്ക്ക് നന്ദി. ഒരു സിനിമ കണ്ടിട്ട് ഇതുപോലെ ചിരിച്ചത് എന്നാണെന്ന് ഓര്‍മയില്ല. കുടുംബത്തിന് മുഴുവന്‍ സിനിമ ഇഷ്ടമായി. യങ്സ്റ്റേഴ്സിന്റെ മികച്ച അഭിനയം. മുഴുവന്‍ അണിയപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍,’ മഹേഷ് ബാബു എക്‌സില്‍ കുറിച്ചു.
ഇതിന് മുമ്പ് പ്രേമലു കണ്ട ശേഷം രാജമൗലിയും ചിത്രത്തെ അഭിനന്ദിച്ചിരുന്നു. പ്രേമലു തെലുങ്കില്‍ കാര്‍ത്തികേയ ചെയ്തതില്‍ വളരെ സന്തോഷമുണ്ടെന്നും ട്രെയ്ലര്‍ കണ്ടപ്പോള്‍ തന്നെ മമിത ബൈജു അവതരിപ്പിച്ച റീനുവെന്ന കഥാപാത്രം ഇഷ്ടമായെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
നസ്‌ലെന്റെ സച്ചിനെന്ന കഥാപാത്രം ലവബിളാണെന്ന് എക്‌സില്‍ കുറിച്ച രാജമൗലി തന്റെ ഫേവറിറ്റ് കഥാപാത്രം ശ്യാം മോഹന്‍ അവതരിപ്പിച്ച ആദിയാണെന്നും അന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ സിനിമയെ കുറിച്ച് പറഞ്ഞു കൊണ്ട് മഹേഷ് ബാബുവുമെത്തിയത്.
Content Highlight: Mahesh Babu About Premalu Movie