Advertisement
Cricket
ധോനി ലോകകപ്പ് കളിച്ചത് പരിക്കിന്റെ വേദനയുമായി; മടങ്ങിയെത്തുമോ?; ആശങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
2019 Sep 26, 02:53 pm
Thursday, 26th September 2019, 8:23 pm

ന്യൂദല്‍ഹി: ലോകകപ്പില്‍ ധോണി കളിച്ചത് പരിക്കിന്റെ വേദന സഹിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനിടയിലെ പരിക്കുകള്‍ കാരണമാണ് നിലവില്‍ ധോനി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പില്‍ കളിക്കുന്ന സമയത്ത് പുറംവേദന ഉണ്ടായിരുന്നു.

ലോകകപ്പിനു ശേഷം ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ധോനി ബംഗ്ലാദേശിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കും ഉണ്ടാകില്ലെന്ന് ബി.സി.സി.ഐയെ അറിയിച്ചിരുന്നു. എന്നാല്‍, ടീമില്‍നിന്നും വിട്ടുനില്‍ക്കുന്നതിനുള്ള കാരണം ധോനി വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിനു ശേഷമുള്ള ഇടവേള നവംബര്‍ വരെ നീട്ടിയിരിക്കുകയാണ് ധോനി.

പുറം വേദന കൂടാതെ ധോനിക്ക് ലോകകപ്പിനിടെ കൈക്കും പരിക്കേറ്റിരുന്നു. ടൂര്‍ണമെന്റ് പുരോഗമിക്കവെ പരിക്ക് കൂടുതല്‍ വഷളാവുകയും ചെയ്തു. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാതെ താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്നാണ് സൂചന.

ലോകകപ്പിനു പിന്നാലെ നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്നും ധോനി വിട്ടുനിന്നിരുന്നു. പിന്നാലെ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയ്ക്കും തന്നെ പരിഗണിക്കേണ്ടെന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കഴിഞ്ഞ സീസണില്‍ കളിക്കുമ്പോഴും ധോനിക്ക് പുറംവേദന ഉണ്ടായിരുന്നു. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.