| Monday, 15th May 2023, 5:47 pm

ഗവാസ്‌കറിന്റെ ഫാന്‍ ബോയ് മൊമന്റ്; ഇതുപോലെ ഒന്ന് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിനായിരുന്നു ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം നടന്നത്.

മത്സരത്തിനേക്കാളുപരി മത്സരത്തിന് ശേഷമുള്ള നിമിഷങ്ങളായിരുന്നു ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയത്.

മത്സരത്തിനു ശേഷം സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ അഭിവാദ്യം ചെയ്യുകയായിരുന്നു താരങ്ങള്‍. 2011 ലോകകപ്പിന്റെ ഫൈനലില്‍ വിജയം നേടിയ ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ വാംഖഡെക്ക് ചുറ്റും വലം വെച്ചതിന്റെ പ്രതീതിയായിരുന്നു ആരാധകര്‍ക്ക് ധോണിയും സംഘവും ചെപ്പോക്കില്‍ നല്‍കിയത്.

ചെന്നൈയുടെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ അവസാന ഐ.പി.എല്‍ സീസണ്‍ ആണെന്ന അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും നിലനില്‍ക്കെ ടീമിന്റെ ആഹ്ലാദപ്രകടനം കാണികളെ ആവേശം കൊള്ളിച്ചു. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവസാന ഹോം മത്സരമാണെന്നതിനാല്‍ ആരാധകരും ഏറെ വൈകാരികമായിട്ടായിരുന്നു ഈ ആഹ്ലാദപ്രകടനത്തെ നോക്കിക്കണ്ടത്.

ഇതിനിടയില്‍ ക്യാപ്റ്റന്‍ ധോണിയും ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറും തമ്മിലുള്ള രസകരമായ നിമിഷമായിരുന്നു ആരാധകരുടെ മനം കവര്‍ന്നത്.

സുനില്‍ ഗവാസ്‌കറിന്റെ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് നല്‍കുന്ന മഹിയെയായിരുന്നു ക്രിക്കറ്റ് ലോകം പിന്നീട് കണ്ടത്. ധോണിയുടെ ഓട്ടോഗ്രാഫ് വേണമെന്ന അതിയായ ആഗ്രഹവുമായി വന്ന ഗവാസ്‌കറിന് ആരാധകരുടെ തല ആ ആഗ്രഹം സാധിച്ചുനല്‍കുകയായിരുന്നു. ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഈ നിമിഷത്തെ വരവേറ്റത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കാണികള്‍ക്ക് നിരാശയാണ് ചെന്നൈ നല്‍കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി.

സൂപ്പര്‍ താരം ശിവം ദുബെ 34 പന്തില്‍ നിന്നും 48 റണ്‍സും ഡെവോണ്‍ കോണ്‍വെ 28 പന്തില്‍ 30 റണ്‍സും രവീന്ദ്ര ജഡേജ 24 പന്തില്‍ 20 റണ്‍സും സ്വന്തമാക്കി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ തന്നെ ലക്ഷ്യം കണ്ടു. ഈ വിജയത്തിന് പിന്നാലെ തങ്ങളുടെ പ്ലേ ഓഫ് സാധ്യത കെടാതെ സൂക്ഷിക്കാനും കൊല്‍ക്കത്തക്കായി.

കെ.കെ.ആറിനായി ക്യാപ്റ്റന്‍ നിതീഷ് റാണയും റിങ്കു സിങ്ങും ടീമിനെ മികച്ച ടോട്ടലിലേക്ക് കൊണ്ടുവന്നു. ഇരുവരും അര്‍ധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു. നിതീഷ് റാണ 44 പന്തില്‍ 57 റണ്‍സും റിങ്കു സിങ് 43 പന്തില്‍ 54 റണ്‍സുമാണ് നേടിയത്.

നിതീഷ് റാണക്കും സംഘത്തിനുമെതിരെ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരാനും ചെന്നൈക്ക് സാധിച്ചു. എന്നാല്‍ ഇതും ഒട്ടും ആശ്വസിക്കാനുള്ള വകയല്ല ചെന്നൈക്ക് നല്‍കുന്നത്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയമുറപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ ധോണിക്ക് അഞ്ചാം കിരീടം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ സാധിക്കൂ.

Content highlight: Mahendra Singh Dhoni signs autograph on Sunil Gavaskar’s shirt

We use cookies to give you the best possible experience. Learn more