മഹേന്ദ്രജാലം അവസാനിക്കുമ്പോള്‍...
Cricket
മഹേന്ദ്രജാലം അവസാനിക്കുമ്പോള്‍...
ജിതിന്‍ ടി പി
Saturday, 15th August 2020, 9:41 pm

‘ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍…’ 2011 ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ കമന്റേറ്റര്‍ രവി ശാസ്ത്രി വിളിച്ചുപറയുമ്പോള്‍ ധോണി എന്ന കപ്പിത്താന്‍ അക്ഷോഭ്യനായി തന്റെ ബാറ്റ് വായുവില്‍ ചുഴറ്റി യുവരാജിനൊപ്പം ആഹ്ലാദം പങ്കിടുകയായിരുന്നു.

അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നായിരുന്നു ആ മത്സരത്തില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. ആ തിരിച്ചുവരവിന് എല്ലാ സമ്മര്‍ദ്ദങ്ങളും ഏറ്റുവാങ്ങി സ്വയം സ്ഥാനക്കയറ്റം നല്‍കി ക്രീസിലെത്തിയ ധോണിയെന്ന റാഞ്ചിക്കാരന്റെ ചങ്കൂറ്റമുണ്ടായിരുന്നു.

മുടി നീട്ടി വളര്‍ത്തിയ ഒരു പയ്യന്‍, ഇന്ത്യന്‍ ജഴ്‌സിയില്‍ അന്നുവരെ കാണാത്ത തരത്തിലുള്ള ശരീരപ്രകൃതം, ആറ് ലിറ്റര്‍ പാല് കുടിക്കുന്ന ക്രിക്കറ്റര്‍ എന്ന് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണം, വിക്കറ്റിന് പിന്നിലെ ചടുലത… മഹേന്ദ്രസിംഗ് ധോണിയെന്ന റാഞ്ചിക്കാരന്‍ 16 വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിന് അന്ത്യം കുറിക്കുമ്പോള്‍ ഒരു യുഗമാണ് ക്രീസ് വിടുന്നത്.

വിക്കറ്റിന് പിന്നില്‍ നിന്ന് ടീമിനെ മുന്നിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകും എന്നാല്‍ അതില്‍ ധോണിയോളം വിജയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വ്യത്യാസം. ഇന്ത്യന്‍ ക്രിക്കറ്റിന് വിജയിക്കാനുള്ള ദാഹം പകര്‍ന്ന് നല്‍കിയത് ഗാംഗുലിയാണെങ്കില്‍ വിജയം ശീലമാക്കിയത് ധോണിയാണ്.

ഇതിഹാസ താരങ്ങളെ നയിച്ചും അവരെ കൃത്യമായി ഉപയോഗിച്ചും ധോണി ഇന്ത്യന്‍ ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയായിരുന്നു. ഗാംഗുലിയുടെ തിരിച്ചുവരവിലും കുംബ്ലെയുടെ അവസാനമത്സരത്തിലും അര്‍ഹിക്കുന്ന സ്ഥാനം നല്‍കാന്‍ ധോണിയ്ക്കായി.

അവസാന ടെസ്റ്റിനിറങ്ങിയ ഗാംഗുലിയ്ക്ക് ടീമിനെ പവലിയനില്‍ നിന്ന് നയിക്കാന്‍ അവസരം നല്‍കിയ ധോണിയുടെ നടപടി കൈയടി ഏറ്റുവാങ്ങിയിരുന്നു. വിരമിക്കല്‍ ടെസ്റ്റില്‍ ട്രോഫി വാങ്ങാനായി വരൂ അനില്‍ ഭായ് നമുക്കൊരുമിച്ച് വാങ്ങാം എന്ന് പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍ കുംബ്ലെയേയും കൊണ്ടാണ് ധോണി പോയത്.

രണ്ട് ഇതിഹാസതാരങ്ങളുടെ പെട്ടെന്നുള്ള വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ തളര്‍ത്തുമെന്ന് കരുതിയവരെ അമ്പരപ്പിക്കുകയായിരുന്നു ധോണി. ടെസ്റ്റില്‍ ഇന്ത്യയെ ആദ്യമായി ഒന്നാം റാങ്കിലെത്തിച്ച് ധോണി തന്നിലെ നായകപാടവം തെളിയിക്കുകയായിരുന്നു.

ഓപ്പണിംഗില്‍ സാക്ഷാല്‍ സച്ചിനെ മാറ്റി പോലും പരീക്ഷണം നടത്താന്‍ ധോണിയ്ക്കായത് ടീമിന് ജയിക്കണം എന്ന മന്ത്രം മാത്രം ഉരുവിട്ടതിനാലായിരുന്നു. റൊട്ടേഷന്‍ സിസ്റ്റം വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും 2011 ലോകകപ്പ് നേടിയതോടെ തന്റെ പരീക്ഷണങ്ങള്‍ക്ക് കൂടുതല്‍ സാധുത കല്‍പ്പിക്കുകയായിരുന്നു ധോണി.

സച്ചിന്‍-സെവാഗ്-ഗംഭീര്‍ ത്രയങ്ങളെ മാറ്റി പരീക്ഷിച്ച് ഓപ്പണിംഗില്‍ വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. സച്ചിന്‍ വിരമിക്കുകയും സെവാഗും ഗംഭീറും ഫോം കണ്ടെത്താനാകാതെ വരികയും ചെയ്തിട്ടും അദ്ദേഹം പരീക്ഷണം തുടര്‍ന്നു. ആ പരീക്ഷണത്തിനൊടുവില്‍ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയായ രോഹിത് ശര്‍മ്മ- ശിഖര്‍ ധവാന്‍ സഖ്യം പിറന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പദവിയെ ധോണിയ്ക്ക് മുന്‍പ് വരെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് മുള്‍ക്കിരീടമെന്നായിരുന്നു. എന്നാല്‍ ലോകകിരീടനേട്ടങ്ങളോടെ ധോണി അതിലെ മുള്ളുകള്‍ ഓരോന്നായി പിഴുതെറിയുകയായിരുന്നു. ഒടുവില്‍ വിരാട് കോഹ്‌ലിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്തി ഏറെ നാള്‍ ടീമിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി നിന്നാണ് ഇന്ത്യന്‍ ജഴ്‌സിയോട് ധോണി വിടപറയുന്നത്. ഒരു വിടവാങ്ങല്‍ മത്സരം പോലും ഇല്ലാതെ.

ഞൊടിയിടയില്‍ ക്രിക്കറ്റ് മൈതാനത്ത് കണ്ട മഹേന്ദ്രജാലങ്ങള്‍ ഇനി ഐ.പി.എല്ലില്‍ മാത്രമായി ചുരുങ്ങും… അധികം താമസിയാതെ അതും ഓര്‍മ്മയാകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mahendra Sing Dhoni

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.