ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണില്‍ ആദ്യം പുറത്താവുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇത്രപെട്ടെന്ന് പ്ലേ ഓഫില്‍ നിന്നും പുറത്താവുമെന്ന് ഒരാളും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
ആദ്യ എട്ട് മത്സരത്തിലും നാണംകെട്ട് തോറ്റാണ് മുംബൈ തലകുനിച്ച് സീസണിനോട് വിടപറയുന്നത്. ഒമ്പതാം മത്സരത്തില്‍ രാജസ്ഥാനോടാണ് ആദ്യ ജയവും ഈ സീസണിലെ ഏക ജയവും മുംബൈ സ്വന്തമാക്കിയത്.
മികച്ച ഒരു ടീമിനെ തെരഞ്ഞെടുക്കാനാവാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. മെഗാലേലത്തില്‍ എല്ലാ മേഖലയിലുമുള്ള താരങ്ങളെ ടീമിലെത്തിക്കുന്നതിന് പകരം ഒന്നോ രണ്ടോ താരങ്ങള്‍ക്ക് പിന്നാലെ പോയതാണ് ടീമിന് വിനയായത്.
അത്തരത്തില്‍ ടീം വിളിച്ചെടുത്ത താരമായിരുന്നു അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 30 ലക്ഷത്തിനായിരുന്നു അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. എന്നാല്‍ മുംബൈയ്ക്ക് വേണ്ടി ഒരു മത്സരം പോലും ഈ സീസണില്‍ കളിക്കാന്‍ അര്‍ജുന് സാധിച്ചിരുന്നില്ല.
‘ടീമിലെ എല്ലാവരും ഒരു ഓപ്ഷനാണെന്നാണ് ഞാന്‍ കരുതുന്നത്. കാര്യങ്ങള്‍ എങ്ങനെയാണ് മുന്നോട്ട് പോവുന്നതെന്ന് നമുക്ക് നോക്കാം. ടീമിന്റെ വിജയമാണ് എല്ലാത്തിലും വലുത്.
പ്ലെയിംഗ് ഇലവനിലേക്ക് മികച്ച താരങ്ങളെ സെലക്ട് ചെയ്യുന്നതാണ് പ്രധാനം. അര്‍ജുന്‍ അത്തരത്തിലൊരു താരമാണ്. ഞങ്ങള്‍ അവനെ എന്തായാലും പരിഗണിക്കും. ടീമിന്റെ കോമ്പിനേഷന്‍ അനുസരിച്ചാവും എല്ലാം തീരുമാനിക്കുക,’ ജയവര്‍ധന പറയുന്നു.
വെള്ളിയാഴ്ചയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. പോയിന്റെ പട്ടികയിലെ ഒന്നാം സ്ഥാനക്കാരും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടമാണ് മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടക്കാന്‍ പോവുന്നത്.