കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് മഹേല ജയവര്‍ധനെ ഒഴിയുന്നു. ശ്രീലങ്കയുടെ ഓസ്‌ട്രേലിയ പര്യടനത്തിന് ശേഷമാവും ജയവര്‍ധനെയുടെ വിരമിക്കല്‍.
അടുത്ത വര്‍ഷം മുതല്‍ ടീമിനെ നയിക്കാന്‍ ഒരു യുവ നായകന്‍ വരണമെന്നായിരുന്നു സിലക്ഷന്‍ കമ്മിറ്റിയോട് 35കാരനായ ജയവര്‍ധനെ ആവശ്യപ്പെട്ടിരിക്കുന്നത്. []
” ടീമിന്റെ ക്യാപ്റ്റനായി ഇനിയും തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് പുറത്തിറങ്ങാനാണ് ആഗ്രഹം.” ജയവര്‍ധനെ പറഞ്ഞു.
ക്യാപ്റ്റന്‍ പദവി താന്‍ ഏറെ ആസ്വദിച്ചിരുന്നെന്നും ആരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ല ഒഴിവാകുന്നതെന്നും ജയവര്‍ധനെ വ്യക്തമാക്കി. ടീമിന്റെ കടിഞ്ഞാണ്‍ ഇനി ഒരു യുവതാരത്തെയാണ് ഏല്‍പ്പിക്കേണ്ടത്. യുവതാരത്തിന്റെ പുറകില്‍ മുതിര്‍ന്ന താരങ്ങള്‍ അണിനിരക്കുന്നത് ടീമിന്റെ വിജയത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്നും ജയവര്‍ധനെ പറയുന്നു.
ജയവര്‍ധനെക്ക് പകരം യുവതാരം ആഞ്ചലോ മാത്യൂസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയവര്‍ധനെയും നല്‍കുന്ന സൂചനകള്‍ അങ്ങനെയാണ്. ടീമിനെ നയിക്കാനുള്ള കെല്‍പ്പ് 25 കാരനായ മാത്യൂസിനുണ്ടെന്നും ജയവര്‍ധനെ പറയുന്നു.
ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലുള്ള ആദ്യത്തെ കുറച്ച് വര്‍ഷം മാത്യൂസിന് കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടാകുമെങ്കിലും പിന്നീട് അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമാകുമെന്നും ജയവര്‍ധനെ പറയുന്നു.