| Tuesday, 7th February 2023, 11:43 am

ഇപ്പോള്‍ മുംബൈക്കൊപ്പമാണെങ്കിലും അങ്ങേര്‍ ശ്രീലങ്കനല്ലേ; ബോര്‍ഡര്‍-ഗവാസ്‌കറില്‍ ഇന്ത്യ 2-1ന് പരാജയപ്പെടുമെന്ന് മുംബൈ ഇന്ത്യന്‍സ് ഹെഡ്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് വിജയസാധ്യത കല്‍പിച്ച് ക്രിക്കറ്റ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സ് ഗ്ലോബല്‍ ഹെഡ് മഹേല ജയവര്‍ധനെ. ഫെബ്രുവരി ഒമ്പതിന് ആരംഭിക്കാനിരിക്കുന്ന സീരീസില്‍ ഓസീസ് 2-1ന് വിജയിക്കുമെന്നാണ് ജയവരര്‍ധനെ പറഞ്ഞത്.

നിലവിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഓസീസിനെ പിടിച്ചുകെട്ടാന്‍ തന്നെയാണ് ഇന്ത്യയും തയ്യാറെടുക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്ക് ഈ സീരീസ് വന്‍മാര്‍ജിനില്‍ തന്നെ വിജയിക്കണം. സമനില പോലും ഇന്ത്യയുടെ സാധ്യതകളെ മുക്കിക്കളയുമെന്നിരിക്കെവെയാണ് ജയവര്‍ധനെയുടെ ഈ പ്രസ്താവന.

ഐ.സി.സി റിവ്യൂവിന്റെ ഏറ്റവും പുതിയ എഡിഷനിലായിരുന്നു ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ജയിക്കാന്‍ താരം ഓസീസിനെ പിന്തുണച്ചത്.

‘ഇത് വളരെ മികച്ച പരമ്പരയായിരിക്കുമെന്നുറപ്പാണ്. ഇരു ടീമിലെയും താരങ്ങളുടെ പ്രകടനമാണ് നിര്‍ണായകമാകാന്‍ പോകുന്നത്. ഇതില്‍ ജയപരാജയങ്ങള്‍ പ്രവചിക്കുക ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു ശ്രീലങ്കക്കാരന്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയ വിജയിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നെ സംബന്ധിച്ച് ഓസ്‌ട്രേലിയ 2-1ന് വിജയിക്കും,’ ജയവര്‍ധനെ പറഞ്ഞു.

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയുടെ ഫലമായിരിക്കും ശ്രീലങ്കയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന്റെ ഭാവി തീരുമാനിക്കുക. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഫൈനല്‍ കളിക്കുക.

ഒന്നാമതുള്ള ഓസീസ് ഇതിനോടകം തന്നെ ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. ഒന്നും തന്നെ നഷ്ടപ്പെടാനില്ലാത്ത ഓസീസ് പ്രതികാരവും മനസില്‍ വെച്ചുകൊണ്ടായിരിക്കും ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുക.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്കും ഫൈനല്‍ കളിക്കാന്‍ തുല്യ സാധ്യതകള്‍ കല്‍പിക്കപ്പെടുന്നുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ പരാജയം വഴിതുറക്കുക ശ്രീലങ്കക്കാണ്. ഇക്കാര്യം കണക്കിലെടുത്താവാം ജയവര്‍ധനെ ഓസീസിനെ പിന്തുണക്കുന്നത്.

ഫെബ്രുവരി ഒമ്പതിനാണ് പരമ്പരയിലെ ആദ്യ മത്സരം. വിദര്‍ഭയാണ് വേദി. പരമ്പരയില്‍ റിഷബ് പന്ത് ഇല്ലാത്തതാണ് ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. എന്നാല്‍ പരിക്കില്‍ നിന്ന് ജഡേജ മടങ്ങിയെത്തിയത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ഗുണകരവുമാണ്.

ഇന്ത്യ സ്‌ക്വാഡ് (ആദ്യ രണ്ട് ടെസ്റ്റ്)

ചേതേശ്വര്‍ പൂജാര, കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ഓസ്ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, മാറ്റ് റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖവാജ, ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്വെപ്സണ്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍.

Content highlight: Mahela Jayawardene backs Australia to win Border-Gavaskar trophy

We use cookies to give you the best possible experience. Learn more