ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ലങ്കന്‍ ഇതിഹാസം ജയവര്‍ധനെ
Cricket
ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര വിജയികളെ പ്രവചിച്ച് ലങ്കന്‍ ഇതിഹാസം ജയവര്‍ധനെ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th February 2023, 10:42 pm

കിവീസിനെതിരായ പരമ്പര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പോരാട്ടത്തിനിറങ്ങുകയാണ് ടീം ഇന്ത്യ. ഫെബ്രുവരി നാലിനാണ് ഓസീസിനെതിരെയുള്ള ചതുര്‍ദിന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരമ്പര വിജയിക്കാനായാല്‍ ഇന്ത്യന്‍ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ സാധിക്കും.

എന്നാല്‍ റിഷബ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരക്കില്ല. ഇവരുടെ അഭാവം നികത്തുക ഇന്ത്യയെ സംബന്ധിച്ച് വലിയ തലവേദനയാവും. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും പരമ്പര സ്വന്തമാക്കാനായില്ലെങ്കില്‍ അത് വലിയ നാണക്കേടായി മാറും. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്ത പക്ഷം ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പമായിരിക്കും.

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ പ്രവചനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ശ്രീ ലങ്കന്‍ ബാറ്റിങ് ഇതിഹാസം ജയവര്‍ധനെ. ഓസ്‌ട്രേലിയ 2-1ന് പരമ്പര സ്വന്തമാക്കും എന്നാണ് അദ്ദേഹം പ്രവചിച്ചത്. ഐ.സി.സിയോട് സംസാരിക്കുകയായിരുന്നു ജയവര്‍ധനെ.

‘ഇന്ത്യ-ഓസീസ് പരമ്പര വാശിയേറിയ പോരാട്ടമാകും. ഇന്ത്യന്‍ സാഹചര്യങ്ങളെ ഓസീസ് ബാറ്റര്‍മാര്‍ എങ്ങനെ അതിജീവിക്കും, അവര്‍ക്ക് മികച്ച ബൗളിങ് സംഘമുണ്ട്. അതിനെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എങ്ങനെ നേരിടും.

എങ്ങനെ ഇരു ടീമുകളും പരമ്പര ആരംഭിക്കും എന്നതിനേയും ആശ്രയിച്ചിരിക്കും അന്തിമ വിധി. പരമ്പര ആവേശകരമാകും, പ്രവചനം എളുപ്പമല്ല, എന്നാലും ഓസീസ് 2-1ന് പരമ്പര നേടും എന്നാണ് തോന്നുന്നത്. പക്ഷേ അതത്ര എളുപ്പമാവില്ല’ ജയവര്‍ധനെ ഐസിസിയോട് പറഞ്ഞു.

ഫെബ്രുവരി ഒമ്പതിനാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ മത്സരത്തിന് തുടക്കമാവുന്നത്. നാഗ്പൂര്‍, ധരംശാല, ദല്‍ഹി, അഹമ്മദാബാദ് എന്നീ വേദികളില്‍ വെച്ചാണ് മത്സരം നടക്കുക.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെ.എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്ടന്‍ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്സണ്‍, ഡേവിഡ് വാര്‍ണര്‍.

Content Highlights: Mahela Jayawardena predicts a 2-1 win for the Aussies