2025 ഐ.പി.എല്ലില്‍ മുംബൈ ഇനി അടിമുടി മാറും; മുഖ്യ പരിശീലകനായി എത്തുന്നത് ശ്രീലങ്കന്‍ ഇതിഹാസം
Sports News
2025 ഐ.പി.എല്ലില്‍ മുംബൈ ഇനി അടിമുടി മാറും; മുഖ്യ പരിശീലകനായി എത്തുന്നത് ശ്രീലങ്കന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th October 2024, 6:49 pm

ഐ.പി.എല്‍ 2025ന് മുന്നോടിയായി ചൂടന്‍ ചര്‍ച്ചകളും ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ശ്രീലങ്കന്‍ ഇതിഹാസ താരം മഹേള ജയവര്‍ധനെ മുംബൈയുടെ ഹെഡ് കോച്ചായി വീണ്ടും സ്ഥാനമേറ്റിരിക്കുകയാണ്. മുന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറിന് പകരമായാണ് ജയവര്‍ധനെ സ്ഥാനമേറ്റത്.

2017ലും 2022ലും മുംബൈയുടെ മുഖ്യ പരിശീലകനായി ജയവര്‍ധനെ സ്ഥാനമേറ്റിരുന്നു. ഇതോടെ ശ്രീലങ്കന്‍ ഇതിഹാസ താരം പുതിയ സീസണില്‍ മുംബൈയോടൊപ്പം ചേരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

ജയവര്‍ധനെ സംസാരിച്ചത്

‘2017 എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്ന ഒരു കൂട്ടം താരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു, ഞങ്ങള്‍ വളരെ നന്നായി പരിശ്രമിച്ചു. ഇപ്പോള്‍ അതേ നിമിഷത്തില്‍ തിരിച്ചുവരാനും ഭാവിയിലേക്കും മുന്നോട്ട് പോകാനുള്ള അവസരത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. എം.ഐയോടുള്ള സ്‌നേഹം ശക്തിപ്പെടുത്തുകയും മാനേജ്‌മെന്റിന്റെ കാഴ്ചപ്പാടില്‍ ടീം പടുത്തുയര്‍ത്തുകയും ചെയ്യും. മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തിലേക്ക് ചേര്‍ക്കുന്നത് തുടരുക, എന്നത് ഞാന്‍ പ്രതീക്ഷിക്കുന്ന ആവേശകരമായ വെല്ലുവിളിയാണ്,’ ജയവര്‍ധനെ പറഞ്ഞു.

2017 ഐ.പി.എല്ലിലും 2019, 2020 സീസണിലും ജയവര്‍ധനയുടെ കീഴില്‍ മുംബൈ കിരീടം ചൂടിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ച് വരുമ്പോള്‍ വലിയ പ്രതീക്ഷയാണ് ടീമിന്. ഐ.പി.എല്ലില്‍ മാത്രമല്ല പല ലീഗുകളിലും എം.ഐ ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായും ജയവര്‍ധനെ സ്ഥാനമേറ്റിരുന്നു.

മാത്രമല്ല 2022ല്‍ ദുബായില്‍ നടന്ന ഏഷ്യാ കപ്പില്‍ കിരീടം നേടിയ ശ്രീലങ്കയുടെ പരിശീലകനും ജയവര്‍ധനെയായിരുന്നു. 2023 സീസണില്‍ ബൗച്ചറിന്റെ കീഴില്‍ മുംബൈ പ്ലേ ഓഫില്‍ എത്തിയിരുന്നു. എന്നാല്‍ 2024ല്‍ 14 മത്സരത്തില്‍ വെറും നാല് മത്സരം മാത്രം വിജയിച്ച ടീം പോയിന്റ് പട്ടികയില്‍ അവസാനമായിട്ടാണ് ഫിനിഷ് ചെയ്തത്.

2024 ഐ.പി.എല്‍ മുംബൈയെ സംബന്ധിച്ചിടത്തോളം വളരെ മോശം സീസണായിരുന്നു. ടീമിന് അഞ്ച് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക്ക് പാണ്ഡ്യയെ ഗുജറാത്തില്‍ നിന്ന് എം.ഐ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതോടെ ടീമില്‍ ഏറെ കലഹങ്ങളും നിലനിന്നു.

ഇത് 2025 സീസണില്‍ രോഹിത്തിന്റെ കൂടുമാറ്റത്തിലേക്ക് നയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ഇതിഹാസം ടീമിന്റെ മുഖ്യ പരിശീലകനായി എത്തുന്നതിലൂടെ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Mahela Jayavardane Appointed Mumbai Indians Head Coach In 2025 IPL