|

ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്ഥാനമില്ലാത്തവന്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളര്‍; രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരത്തിന് ആരാധകരുടെ കയ്യടി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ തിളങ്ങി ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ. അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാനെ മറികടന്നുകൊണ്ടാണ് തീക്ഷണ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

680 എന്ന മികച്ച റേറ്റിങ്ങുമായാണ് രാജസ്ഥാന്‍ റോയല്‍സ് കാശെറിഞ്ഞ് സ്വന്തമാക്കിയ തീക്ഷണ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് തീക്ഷണ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയത്.

ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ബൗളര്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമല്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയ്ക്ക് ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.

2023 ലോകകപ്പില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ശ്രീലങ്ക ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായത്. ലോകകപ്പ് പോയിന്റ് പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാരും ടൂര്‍ണമെന്റിന്റെ ആതിഥേയരുമാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക. ആതിഥേയരും പോയിന്റ് പട്ടികയുടെ ഭാഗമാണെങ്കില്‍ ആദ്യ എട്ട് സ്ഥാനക്കാര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കും.

അതേസമയം, ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 669 റേറ്റിങ്ങോടെയാണ് റാഷിദ് രണ്ടാം സ്ഥാനത്തുള്ളത്.

നമീബിയയുടെ ബെര്‍നാര്‍ഡ് സ്‌കോള്‍ട്‌സ് മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കുയര്‍ന്നു.

അതേസമയം, ഒരു സ്ഥാനം നഷ്ടപ്പെട്ട ഷഹീന്‍ അഫ്രിദി അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്.

642 റേറ്റിങ് പോയിന്റുമായി കേശവ് മഹാരാജ് ആറാം സ്ഥാനത്ത് തുടരുമ്പോള്‍ ന്യൂസിലാന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ അഞ്ച് റാങ്കുകള്‍ മെച്ചപ്പെടുത്തി ഏഴാമതെത്തി.

സാന്റ്‌നറിന്റെ സഹതാരവും ന്യൂസിലാന്‍ഡ് സൂപ്പര്‍ താരവുമായി മാറ്റ് ഹെന്‌റി രണ്ടാം റാങ്ക് നഷ്ടപ്പെട്ട് എട്ടാം സ്ഥാനത്തെത്തി. വിന്‍ഡീസ് സൂപ്പര്‍ താരം ഗുഡാകേഷ് മോട്ടി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഹെന്‌റിക്കൊപ്പം എട്ടാം സ്ഥാനം പങ്കിടുകുയാണ്.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പത്താം റാങ്കില്‍ തുടരുകയാണ്.

ഐ.സി.സി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക

Content Highlight: Maheesh Theekshana surpassed Rashid Khan to become top-ranked bowler in ODIs