| Saturday, 16th September 2023, 1:43 pm

വജ്രായുധം പുറത്ത്, മാച്ച് വിന്നര്‍ ഒപ്പമില്ലാതെ ലങ്ക; ഫൈനലില്‍ ഇന്ത്യക്ക് പിന്നാലെ ശ്രീലങ്കക്കും വമ്പന്‍ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്ക് വമ്പന്‍ തിരിച്ചടി. മിസ്റ്ററി സ്പിന്നര്‍ മഹീഷ് തീക്ഷണ പരിക്കേറ്റ് പുറത്തായതാണ് റെയ്‌നിങ് ചാമ്പ്യന്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലാണ് തീക്ഷണക്ക് പരിക്കേറ്റത്.

സൂപ്പര്‍ ഫോറിലെ പാകിസ്ഥാന്‍ – ശ്രീലങ്ക മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഫൈനല്‍ കളിക്കാം എന്ന സാഹചര്യത്തില്‍ പരിക്കേറ്റിട്ടും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ 34ാം ഓവറില്‍ ബൗണ്ടറി തടയാന്‍ ശ്രമിച്ചാണ് താരത്തിന് പരിക്കേറ്റത്. തീക്ഷണ ബൗണ്ടറി സേവ് ചെയ്യാനായി ഡൈവ് ചെയ്തു, പക്ഷേ പന്ത് തടയുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ മൈതാനം വിട്ടെങ്കിലും അദ്ദേഹം ഉടന്‍ തന്നെ കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. നടക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും താരം തന്റെ ഓവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ആ ഓവര്‍ ബൗള്‍ ചെയ്ത ശേഷം വീണ്ടും അദ്ദേഹം ഗ്രൗണ്ടിന് വെളിയില്‍ പോകുകയും കാല്‍ സ്ട്രെച്ച് ചെയ്യുകയും ചെയ്തിരുന്നു. മത്സരത്തില്‍ ആകെ ഒമ്പത് ഓവര്‍ എറിഞ്ഞ് 42 വിക്കറ്റ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

മത്സരത്തില്‍ ശ്രീലങ്ക മഴനിയമത്തില്‍ വിജയിക്കുകയും ഫൈനലിന് യോഗ്യത നേടുകയുമായിരുന്നു. ഫൈനലില്‍ തീക്ഷണക്ക് പകരം സഹന്‍ അരാചിഗെയാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്.

ഫൈനല്‍ കളിക്കുന്ന ലങ്കക്ക് മാത്രമല്ല ഇന്ത്യക്കും സൂപ്പര്‍ താരത്തിന്റെ പരിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനാണ് പരിക്കിന് പിന്നാലെ ഫൈനല്‍ കളിക്കാന്‍ സാധിക്കാതെ വന്നത്.

അക്‌സര്‍ പട്ടേലിന് പകരക്കാരനായി ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 17നാണ് ഇന്ത്യ – ശ്രീലങ്ക ഫൈനല്‍ പോരാട്ടം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ 11ാം ഫൈനലും ലങ്കയുടെ 12ാം ഫൈനലുമാണിത്. ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടുന്നതാകട്ടെ ഒമ്പതാം തവണയും.

കളിച്ച 11 ഫൈനലില്‍ ഇന്ത്യ ഏഴ് തവണ കപ്പുയര്‍ത്തിയപ്പോള്‍ ആറ് തവണയാണ് ലങ്ക കിരീട നേട്ടം ആവര്‍ത്തിച്ചത്. സെപ്റ്റംബര്‍ 17ന് ഏത് ടീമാകും തങ്ങളുടെ കിരീടനേട്ടം മെച്ചപ്പെടുത്തുക എന്നറിയാനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.

Content Highlight: Maheesh Theekshana ruled out from Asia Cup final

Latest Stories

We use cookies to give you the best possible experience. Learn more