വന്നു എറിഞ്ഞു കീഴടക്കി! നേടിയത് ഒന്നാണെങ്കിലും സ്വന്തമാക്കിയത് ഐതിഹാസികനേട്ടം; ഇതിഹാസങ്ങൾക്കൊപ്പം ചെന്നൈ സൂപ്പർ താരം
Cricket
വന്നു എറിഞ്ഞു കീഴടക്കി! നേടിയത് ഒന്നാണെങ്കിലും സ്വന്തമാക്കിയത് ഐതിഹാസികനേട്ടം; ഇതിഹാസങ്ങൾക്കൊപ്പം ചെന്നൈ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th April 2024, 12:55 pm

ഐ.പി.എല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്.

ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സ് 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ചെന്നൈയ്ക്കായി ലങ്കന്‍ സ്പിന്നര്‍ മഹീഷ് തീഷ്ണ ഒരു വിക്കറ്റ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് വിട്ടു നല്‍കിയാണ് താരം ഒരു വിക്കറ്റ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത താരമായ രാമന്‍ദീപ് സിങ്ങിനെ പുറത്താക്കി കൊണ്ടാണ് ലങ്കന്‍ താരം കരുത്തുകാട്ടിയത്. മത്സരത്തില്‍ പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ രാമദ്വീപിനെ ക്ലീന്‍ ബൗൾഡാക്കി കൊണ്ടായിരുന്നു തീഷ്ണ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഇതിന് പിന്നാലെ ഒരു പുതിയ നാഴികല്ലിലേക്കും ശ്രീലങ്കന്‍ സ്പിന്നര്‍ നടന്ന് കയറി. ടി-20യില്‍ 150 വിക്കറ്റുകള്‍ എന്ന അവിസ്മരണീയ നേട്ടത്തിലേക്കാണ് തീഷ്ണ കാലെടുത്തുവെച്ചത്. ഇതോടെ ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന എട്ടാമത്തെ ശ്രീലങ്കന്‍ താരമായി മാറാനും തീഷ്ണക്ക് സാധിച്ചു.

ശ്രീലങ്കക്ക് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍

ലസിത് മല്ലിംഗ-390

തിസാര പെരേര-276

വനിന്ദു ഹസരംഗ-241

ഇസുരു ഉദാന-211

മുത്തയ്യ മുരളീധരന്‍-179

അജന്ത മെന്‍ഡീസ്-170

സീക്കുജ് പ്രസന്ന-169

മഹീഷ് തീക്ഷണ-150*

മഹീഷക്ക് പുറമേ തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റും മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ നായകന്‍ ശ്രേയസ് അയ്യര്‍ 32 പന്തില്‍ 34 റണ്‍സും സുനില്‍ നരെയ്ന്‍ 20 പന്തില്‍ 27 റണ്‍സും അന്‍ക്രിഷ് രഘുവംശി 18 പന്തില്‍ 24 റണ്‍സും നേടി നിര്‍ണായകമായി.

ചെന്നൈ ബാറ്റിങ്ങില്‍ നായകന്‍ റിതുരാജ് ഗെയ്ഗ്വാദ് 58 പന്തില്‍ പുറത്താവാതെ 67 റണ്‍സും
ശിവം ദുബെ 18 പന്തില്‍ 28 റണ്‍സും ഡാറില്‍ മിച്ചല്‍ 19 പന്തില്‍ 25 റണ്‍സും നേടിയപ്പോള്‍ ചെന്നൈ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയും അടക്കം ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 14ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Maheesh Theekshana great achievement in T20