മാഹി സ്വദേശിക്ക് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നു; പരിയാരത്ത് എത്തിച്ചത് വെന്റിലേറ്ററില്‍; രക്ഷിക്കാന്‍ പരിമാവധി ശ്രമിച്ചെന്നും ആരോഗ്യമന്ത്രി
Kerala
മാഹി സ്വദേശിക്ക് ഗുരുതര അസുഖങ്ങള്‍ ഉണ്ടായിരുന്നു; പരിയാരത്ത് എത്തിച്ചത് വെന്റിലേറ്ററില്‍; രക്ഷിക്കാന്‍ പരിമാവധി ശ്രമിച്ചെന്നും ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 10:16 am

തിരുവനന്തപുരം: മാഹിയില്‍ മരണപ്പെട്ട മെഹ്‌റൂഫിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പരിയാരം ആശുപത്രിയില്‍ എത്തിച്ചത് തന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ രോഗനിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ല. സമ്പര്‍ക്കപ്പട്ടികയടക്കം വളരെ വേഗത്തില്‍ തയ്യാറാക്കിയിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഗുരുതരമായ അസുഖങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കിഡ്‌നി സംബന്ധമായും ഹൃദയസംബന്ധമായും രക്തസമ്മര്‍ദ്ദവും എല്ലാം ഉണ്ടായിരുന്നു. ഇദ്ദേഹം നേരത്തെ മാഹി ടെലിമെഡിക്കല്‍ സെന്ററിലാണ് ചികിത്സ തേടിയത്.

അവിടെ നിന്ന് അവസ്ഥ മോശമായപ്പോള്‍ ആസ്റ്റര്‍ മിംസിലേക്ക് റഫര്‍ ചെയ്തു. ഏപ്രില്‍ 1 നാണ് ആസ്റ്ററില്‍ എത്തിയത്. ശ്വാസതടസം ഉണ്ടെന്ന് കണ്ടപ്പോള്‍ അവര്‍ കൊവിഡ് പരിശോധയ്ക്ക് അയച്ചു.

ഫലം പോസിറ്റീവ് ആയപ്പോള്‍ ആണ് പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടുന്നത്. വളരെ മോശമായ കണ്ടീഷനിലായിരുന്നു ഇദ്ദേഹം. ഇതോടെ പരിയാരത്തുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ആസ്റ്ററില്‍ എത്തി.

ഒന്നില്‍ കൂടുതല്‍ ട്രീറ്റ്മന്റ് ആവശ്യമായതുകൊണ്ട് തന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെ പരിയാരത്തേക്ക് ഷിഫ്റ്റ ചെയ്തു. ഏഴാം തിയതിയാണ് ഇത്. അദ്ദേഹത്തെ രക്ഷിക്കാനായി കഴിയാവുന്നത്ര പരിശ്രമിച്ചിരുന്നു. എന്നാല്‍ കടുത്ത ഹൃദ്രോഹവും കിഡ്‌നി സംബന്ധമായ അസുഖവും ഉള്ളതുകൊണ്ട് രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

അനുബന്ധ രോഗമുള്ള ആളുകള്‍ക്ക് കൊവിഡ് വന്നാല്‍ രക്ഷിക്കാന്‍ പ്രയാസമാണ്. പരിയാരത്തേയും ആസ്റ്ററിലേയും മെഡിക്കല്‍ സംഘം മികച്ച ചികിത്സ തന്നെ അദ്ദേഹം നല്‍കിയിരുന്നു.

അദ്ദേഹം മാഹിയിലാണ് താമസിക്കുന്നത്. കുടുംബവും അവിടെയാണ്. വളരെ പെട്ടെന്ന് തന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രണ്ട് മൂന്ന് പഞ്ചായത്തുകളില്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളുണ്ടായിരുന്നു. 83 പേരെ ഇത്തരത്തില്‍ ട്രേസ് ചെയ്തിട്ടുണ്ട്.

കണ്ണൂരിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് കോണ്‍ടാക്ട് ട്രേസിങ് നടന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ഒന്‍പത് പേരെ ടെസ്റ്റ് ചെയ്തിട്ടുണ്ട്. അത് നെഗറ്റീവ് ആണ്.

ഇദ്ദേഹം ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായതുകൊണ്ട് തന്നെ വിവാഹ ചടങ്ങിലൊക്കെ പങ്കെടുത്തിരുന്നു. കേരളത്തിലെത്തിയ ശേഷം ഒരു നിമിഷം പോലും സമ്പര്‍ക്ക പട്ടിക ഉണ്ടാക്കാന്‍ സമയം എടുത്തിട്ടില്ല.

അദ്ദേഹത്തിന് എവിടെ നിന്നാണ് വൈറസ് കിട്ടിയതെന്ന് അറിയില്ല. കോണ്ടാക്ടിലൂടെ തന്നെയാണ് എന്നാണ് അറിയുന്നത്. വിദേശത്ത് പോകാത്തതുകൊണ്ടാവും തുടക്കത്തില്‍ തന്നെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നാതിരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ