| Tuesday, 17th March 2020, 5:23 pm

മാഹിയില്‍ 68കാരിക്ക് കൊവിഡ്19; ഉംറ കഴിഞ്ഞെത്തിയ സ്ത്രീ നിരവധിപേരുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഹി: കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. യുഎ.ഇയില്‍ നിന്നും മടങ്ങിയെത്തിയ 68കാരിക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

പുതുശ്ശേരി ആരോഗ്യമന്ത്രിയാണ് കൊവിഡ് 19 സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. ആഴ്ചകള്‍ക്കു മുമ്പെയാണ് സ്ത്രീ യു.എ.ഇയില്‍ ഉംറ കഴിഞ്ഞെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഇവര്‍ വന്നിറങ്ങിയത്. പനിയും ജലദോഷവും കണ്ടപ്പോള്‍ മാഹിയിലെ ജനറല്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടുകയായിരുന്നു.

എന്നാല്‍ ഇവരെ മാഹിയിലെ ആശുപത്രിയില്‍ നിന്നും കോഴിക്കോട് ബീച്ചാശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ബീച്ച് ആശുപത്രിയിലെത്തിയ ഇവര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു.

ഉംറ കഴിഞ്ഞെത്തിയതിനാല്‍ സ്ത്രീ അടുത്തുള്ള വീടുകളിലും ബന്ധുക്കളുടെ വീട്ടിലും സന്ദര്‍ശനം നടത്തിയാതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യമുന്നയിച്ച് നാട്ടുകാര്‍ പൊലീസിലറിയച്ചതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് ഇവരെ മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അഞ്ചു ദിവസമായി മാഹി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവരുടെ സാമ്പിളുകളുടെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന് ലഭിച്ചു.

We use cookies to give you the best possible experience. Learn more