| Saturday, 24th June 2023, 11:10 am

മഹാത്മാഗാന്ധിയുടെ ഇന്ത്യ; ഗോഡ്‌സേയുടെ നാമത്തില്‍ അറിയപ്പെടാന്‍ അനുവദിക്കില്ല: മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: മഹാത്മാഗാന്ധിയുടെ ഇന്ത്യയെ അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്‌സേയുടെ നാമത്തില്‍ അറിയപ്പെടാന്‍ അനുവദിക്കില്ലെന്ന് പി.ഡി.പി അധ്യക്ഷയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി.

കഴിഞ്ഞ ദിവസം പട്‌നയില്‍ വെച്ച് നടന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഗാന്ധിയുടെ ഇന്ത്യയെ, ഗോഡ്‌സേയുടെ രാജ്യമാക്കി മാറ്റാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇന്ത്യയുടെ ആശയങ്ങള്‍ക്കുള്ള പിന്തുണക്കാരാണ് ജമ്മു കശ്മീര്‍. ഞങ്ങള്‍ ഇന്ത്യയെ ഗോഡ്‌സേയുടെ രാജ്യമാക്കി മാറ്റാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജനാധിപത്യത്തില്‍ എങ്ങനെ തുരങ്കം വെക്കുന്നുവെന്നും രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരിക്കുകയാണ്,’ മെഹ്ബൂബ മുഫ്തി പറഞ്ഞു.

ഈ പാര്‍ട്ടികള്‍ ഒന്നിച്ചത് അധികാരത്തിന് വേണ്ടിയല്ലെന്നും തത്വങ്ങള്‍ക്ക് വേണ്ടിയാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയും പറഞ്ഞു.

‘ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള 17 പാര്‍ട്ടികള്‍ ഒരുമിച്ചത് അധികാരത്തിന് വേണ്ടിയല്ല. തത്വങ്ങള്‍ക്കും രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാനും വേണ്ടിയാണ്. ദുരന്തത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ചത്,’ അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ.സ്റ്റാലിനും പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വലിയ വിജയമായിരുന്നുവെന്നും ഈ ഐക്യം തുടരാനാണ് തീരുമാനമെന്നുമാണ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്.

ജൂലൈ 10നും 11നും ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വീണ്ടും പ്രതിപക്ഷ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ഏതെല്ലാം സീറ്റുകളില്‍ ആരെല്ലാം മത്സരിക്കണമെന്നതിനെ കുറിച്ചും ഷിംലയില്‍ നടക്കുന്ന ദ്വിദിന യോഗത്തില്‍ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മമത ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ഹേമന്ത് സോറന്‍, ഉദ്ധവ് താക്കറെ, ശരദ് പവാര്‍, ലാലു പ്രസാദ് യാദവ്, ഭഗവന്ത് മന്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, കെ.സി. വേണുഗോപാല്‍, സുപ്രിയ സുലെ, മനോജ് ഝാ, ഫിര്‍ഹാദ് ഹക്കിം, പ്രഫുല്‍ പട്ടേല്‍, രാഘവ് ഛദ്ദ, സഞ്ജയ് സിങ്, സഞ്ജയ് റാവത്ത്, ലാലന്‍ സിങ്, സഞ്ജയ് ഝാ, ടി. ആര്‍. ബാലു, ദിപാങ്കര്‍ ഭട്ടാചാര്യ, തേജസ്വി യാദവ്, അഭിഷേക് ബാനര്‍ജി, ആദിത്യ താക്കറെ, ഡി. രാജ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

CONTENT HIGHLIGHTS: MAHBOOBA MUFTI REACTION AFTER OPPOSITUON MEETING IN PATNA

We use cookies to give you the best possible experience. Learn more