|

ഹോട്ടലുകള്‍ സജ്ജം; മഹാരാഷ്ട്രയില്‍ കൂറുമാറ്റം തടയാന്‍ മഹായുതിയും മഹാ അഘാഡിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കാത്ത് ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യവും. കൂറുമാറ്റം തടയുന്നതിനായി ഇരുപക്ഷവും ഹോട്ടലുകള്‍ ബുക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് അനുകൂലമാണ്.

എന്നാല്‍ മഹായുതിയും വ്യാപകമായി സംസ്ഥാനത്തുള്ള ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തതായും ഹെലികോപ്റ്ററുകൾ സജ്ജമാക്കിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

228 അംഗ നിയമസഭയിലേക്കാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 145 സീറ്റുകള്‍ ഉറപ്പിച്ചാല്‍ മാത്രമേ സഖ്യങ്ങള്‍ക്ക് കേവല ഭൂരിപക്ഷത്തിത്തിലേക്ക് എത്തുകയുള്ളു. ഇക്കാരണത്താല്‍ എം.എല്‍.എമാരെ ഏത് വിധേനയും തടഞ്ഞുനിര്‍ത്തുക എന്നതാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. തിരിച്ചടി നേരിട്ടതോടെ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രാജിക്കുള്ള സന്നദ്ധത പോലും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെട്ട കൂടിയാലോചനകള്‍ക്ക് ശേഷം ഫഡ്നാവിസ് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇതിനുപിന്നാലെയാണ് രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മഹാരാഷ്ട്രയില്‍ തീയതി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സംസ്ഥാനത്തെ ഉള്ളി-സോയ കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, ചെറുകിട വ്യവസായികള്‍ തുടങ്ങിയവരുടെ വോട്ടായിരിക്കും ജനവിധിയെ കൂടുതല്‍ സ്വാധീനിക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷവും കര്‍ഷകര്‍ക്ക് പ്രതികൂലമായ നിലപാടാണ് ഷിന്‍ഡെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. സംസ്ഥാനത്തെ സ്ത്രീകളും കുട്ടികളും തുടര്‍ച്ചയായി അതിക്രമങ്ങള്‍ നേരിടുകയാണ്. ഇക്കാര്യങ്ങള്‍ മഹായുതിയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയോ എന്നതിനാണ് നാളെ (ശനിയാഴ്ച) ഉത്തരം ലഭിക്കുക.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ അനുകൂല സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന പ്രതീക്ഷയിലാണ് മഹാ വികാസ് അഘാഡി സഖ്യം. ഭരണം ഉറപ്പിക്കാന്‍ മഹായുതിയില്‍ ചേര്‍ന്ന അജിത് പവാറിനെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യാ മുന്നണി ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കൂടാതെ മഹാരാഷ്ട്രയില്‍ സ്വതന്ത്രമായി മത്സരിച്ചതും വിജയ പ്രതീക്ഷയുള്ളതുമായ വ്യക്തികളും വിമതരുമായും ഇന്ത്യാ സഖ്യം കൂടിയാലോചന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. എക്‌സിറ്റ് പോളുകളിലെ തൂക്കുമന്ത്രിസഭ പ്രവചനങ്ങളിലും പ്രതിപക്ഷം ചര്‍ച്ച തുടരുന്നതായാണ് റിപ്പോര്‍ട്ട്.

Content Highlight: Mahayuti and Maha Vikas Aghadi to prevent defection in Maharashtra