|

മൂന്നാം വാരവും ഹൗസ് ഫുള്‍; കുതിപ്പ് തുടര്‍ന്ന് മഹാവീര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ നിവിന്‍ പോളി ചിത്രം മഹാവീര്യറിനെ ഇരുകയ്യും നീട്ടി ഏറ്റെടുത്ത് പ്രേക്ഷകര്‍. തുടര്‍ച്ചയായ മൂന്നാം വാരവും നിറഞ്ഞ സദസുകള്‍ക്ക് മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മികച്ച തീയേറ്റര്‍ അനുഭവമാണ് മഹാവീര്യര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള രാഷ്ട്രീയവും പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടിരിക്കുകയാണ്.

ക്ലൈമാക്‌സില്‍ പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാന്‍ ക്ലൈമാക്സ് ഭാഗത്ത് മാറ്റത്തോട് കൂടിയാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ക്ലൈമാക്‌സില്‍ വരുത്തിയിരിക്കുന്ന മാറ്റത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ വരവേറ്റതോടെ മൂന്നാം വാരത്തിലും ഹൗസ്ഫുള്‍ ഷോകളുമായി മഹാവീര്യര്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്.

പ്രേക്ഷകരും നിരൂപകരും മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പങ്കുവെക്കുന്നത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ‘മഹാവീര്യര്‍’ നിര്‍മിച്ചിരിക്കുന്നത്.

നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

ചിത്രസംയോജനം – മനോജ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം – ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം – ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Mahaviryar with houseful shows in third week