| Tuesday, 19th July 2022, 5:51 pm

മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്ന സിനിമയാവും മഹാവീര്യര്‍: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ തന്നെ പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തിയിരുന്നു. ഫാന്റസി ടൈംട്രാവല്‍ ജോണറിലെത്തുന്ന ചിത്രം ജൂലൈ 21നാണ് തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ വലിയ രീതിയില്‍ തന്നെ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം ലുലു മാളിലായിരുന്നു ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റ് നടന്നത്.

മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്താനുതകുന്ന സിനിമയാണ് മഹാവീര്യറെന്നാണ് ആസിഫ് അലി പറയുന്നത്. പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രൊമോഷന്റെ ഭാഗമായ വീഡിയോയിലാണ് ആസിഫ് ഇക്കാര്യം പറയുന്നത്.

എം.മുകുന്ദന്‍ ഒരുക്കുന്ന സ്‌ക്രിപ്റ്റാണ് സിനിമയെ ഈ നിലവാരത്തിലേക്ക് ഉയര്‍ത്തിയതെന്നും ആസിഫ് വീഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ യുവ താരം നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം – ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം – ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Mahaveeryar will be a film that marks Malayalam cinema in front of the world says Asif ali
We use cookies to give you the best possible experience. Learn more