Entertainment news
ഇനി ആ കണ്‍ഫ്യുഷനും വേണ്ട, മഹാവീര്യറിന് പുതിയ ക്ലൈമാക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 30, 07:30 am
Saturday, 30th July 2022, 1:00 pm

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ തിയേറ്ററുകള്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായങ്ങള്‍ വന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്ത് പക്ഷേ ചില ആശയക്കുഴപ്പങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തെ ആശയക്കുഴപ്പവും മാറ്റിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ക്ലൈമാക്‌സ് തന്നെ മാറ്റിയാണ് ആശയക്കുഴപ്പം അണിയറ പ്രവര്‍ത്തകര്‍ പരിഹരിച്ചത്. പുതിയ ക്ലൈമാക്‌സും പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മികച്ച തിയേറ്റര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് മഹാവീര്യര്‍ എന്നായിരുന്നു ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍.

ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന ഒരു രീതിയിലുള്ള രാഷ്ട്രീയവും പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രം ചര്‍ച്ചയിലുണ്ടാകുമെന്നാണ് സിനിമ ഗ്രൂപ്പുകളില്‍ പ്രതികരണങ്ങള്‍. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആസിഫ് അലി, ലാല്‍, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. , ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മുഖ്യ സഹ സംവിധാനം – ബേബി പണിക്കര്‍ ചിത്രസംയോജനം – മനോജ്, മെല്‍വി. ജെ, ചമയം – ലിബിന്‍ മോഹനന്‍, തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight : Mahaveeryar Movie Changed the climax