ഗാന്ധിയുടെ ആത്മകഥയ്ക്ക് ജന്മനാടായ ഗുജറാത്തിലെക്കാള്‍ വായനക്കാര്‍ കേരളത്തില്‍
national news
ഗാന്ധിയുടെ ആത്മകഥയ്ക്ക് ജന്മനാടായ ഗുജറാത്തിലെക്കാള്‍ വായനക്കാര്‍ കേരളത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2018, 8:27 am

അഹമദാബാദ്: ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ (The Story of My Experiments With Truth)ക്ക് ഗുജറാത്തിലേക്കാള്‍ അധികം വായനക്കാര്‍ കേരളത്തിലെന്ന് കണക്കുകള്‍. ആത്മകഥയുടെ ഗുജറാത്തിയി മൂലകൃതിയെക്കാള്‍ വിറ്റു പോയത് മലയാളം, തമിള്‍ പരിഭാഷകളാണെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

1927ല്‍ നവ്ജീവന്‍ ട്രസ്റ്റ് ഗുജറാത്തിയില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 620,000 കോപ്പികളാണ് ഈ വര്‍ഷം ജൂലായ് വരെ വിറ്റഴിഞ്ഞത്. ഏറ്റവും അധികം കോപ്പികള്‍ വിറ്റഴിഞ്ഞത് ഇംഗ്ലീഷിലാണ്. 1927ല്‍ തന്നെ പുറത്തിറങ്ങിയ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പിന്റെ 2,042,500 കോപ്പികളാണ് ഇത് വരെ വിറ്റഴിഞ്ഞത്.


Also Read ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്; മേരി കോമിന് സ്വര്‍ണം


പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് 1957ലാണ് പുറത്തിറക്കുന്നത്. ഹിന്ദി പതിപ്പിന്റെ 643,000 കോപ്പികളാണ് ഈ വര്‍ഷം ജൂലായ് വരെ വിറ്റുപോയത്. എന്നാല്‍ 1994ല്‍ മാത്രം പുറത്തിറങ്ങിയ പുസ്തകത്തിന്റെ തമിഴ് പതിപ്പ് ഇതു വരെ 700,000 കോപ്പികള്‍ വിറ്റുപോയി.

അതിനു ശേഷം 1997ലാണ് ആത്മകഥയുടെ മലയാളം പതിപ്പ് പുറത്തിറങ്ങുന്നത്. ഇതു വരെ ആത്മകഥയുടെ മലയാളം പതിപ്പിന്റെ 778,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്കും വായനാ ശീലവുമാണ് ഇതിനുള്ള കാരണമായി നവ്ജീവന്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റി വിവേക് ജിതേന്ദ്രഭായ് ദേശായി
ചൂണ്ടിക്കാട്ടുന്നത്. “കേരളത്തിലെ ഞങ്ങളുടെ വിതരണക്കാര്‍ ഒരു ലക്ഷം കോപ്പികള്‍ കൂടി ചോദിച്ചിട്ടുണ്ട്”- അദ്ദേഹം എക്കണോമിക് ടൈംസിനോടു പറഞ്ഞു.


Also Read “ആരാണ് വിജയ് സേതുപതി”….. വൈകാതെ നിങ്ങളറിയും; വൈറലായി കാര്‍ത്തിക് സുബ്ബരാജിന്റെ എട്ടുവര്‍ഷം മുമ്പുള്ള മറുപടി


ഉര്‍ദു, ഒറിയ, മണിപൂരി, അസാമീസ്, സംസ്‌കൃതം, പഞ്ചാബി തുടങ്ങി 16 ഭാഷകളിലായി ഇതു വരെ 5,568,000 കോപ്പികളാണ് വിറ്റു പോയിരിക്കുന്നത്.