ന്യൂദൽഹി: പാർലമെന്റിലെ മഹാത്മാ ഗാന്ധി പ്രതിമ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി താത്ക്കാലികമായി നീക്കി. പ്രധാന കവാടത്തിന് മുന്നിലുള്ള 16 അടി ഉയരമുള്ള പ്രതിമയാണ് മാറ്റിയത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇത് ഗേറ്റ് നമ്പർ 2നും 3 നും ഇടയിലുള്ള സ്ഥലത്തേക്കാണ് മാറ്റി സ്ഥാപിച്ചത്.
പാർലമെന്റിൽ സാധാരണ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം സ്ഥിരമായി നടക്കുന്ന സ്ഥലത്തായിരുന്നു പ്രതിമയുണ്ടായിരുന്നത്. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചതും ഇവിടെയായിരുന്നു.
1993ൽ ശിവരാജ് പാട്ടീൽ സ്പീക്കറായിരുന്ന കാലയളവിലാണ് പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടത്. അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയാണ് പ്രതിമ സ്ഥാപിച്ചത്.
കേന്ദ്രസർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതി പ്രകാരം 20000 കോടി രൂപ ചെലവിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്.
ഏറെ വിവാദമായ കേന്ദ്ര സർക്കാരിന്റെ പുതിയ പാർലമെന്റ് നിർമ്മാണ പദ്ധതിക്ക് ജനുവരി 5നാണ് സുപ്രീം കാേടതി അനുമതി നൽകിയത്. പദ്ധതിക്ക് ലഭിച്ച അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പദ്ധതി നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.
പാര്‍ലമെന്റ് മന്ദിരമടക്കമുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെയുള്ള ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ഡിസംബറില്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതി തടഞ്ഞിരുന്നു. പദ്ധതിയുടെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹരജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു അവയില്‍ തീര്‍പ്പുണ്ടായ ശേഷമേ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാവൂ എന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 20000 കോടി രൂപ ചെലവില്‍ രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുക എന്നത്. ത്രികോണ ആകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് പുറമെ പ്രധാനമന്ത്രിയ്ക്കും, ഉപരാഷ്ട്രപതിക്കും പുതിയ വസതി, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, തുടങ്ങി പത്തോളം കെട്ടിട നിര്‍മ്മാണ ബ്ലോക്കുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.
തന്റെ സ്വകാര്യ താത്പര്യത്തിനല്ല കോടികള്‍ ചെലവഴിച്ച് ഇത്തരമൊരു പദ്ധതിയെന്നാണ് മോദി പറയുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഒരു നാഴികക്കല്ലായി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് ശ്രമം എന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. രത്തന്‍ ടാറ്റയ്ക്കാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കരാറ് മോദി സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്.
രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്രയും തുക മന്ദിരത്തിനായി ചെലവഴിക്കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പാരിസ്ഥിതിക നിയമങ്ങളും ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.