മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപം; ഹിന്ദുത്വ നേതാവിനെതിരെ തുഷാര്‍ ഗാന്ധി കോടതിയില്‍
India
മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപം; ഹിന്ദുത്വ നേതാവിനെതിരെ തുഷാര്‍ ഗാന്ധി കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2023, 3:23 pm

 

പൂനെ: തന്റെ മുതുമുത്തച്ഛനായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഹിന്ദുത്വ നേതാവ് സംഭാജി ബിഡെക്കെതിരെ പൂനെ ജില്ലാ കോടതിയെയും സെഷന്‍ കോടതിയെയും സമീപിച്ച് തുഷാര്‍ ഗാന്ധി.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ നടന്ന റാലിയില്‍ പങ്കെടുക്കുമ്പോള്‍ ബിഡെ ഗാന്ധിജിയേയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ താന്‍ കോടതിയെ സമീപിച്ചതായി തുഷാര്‍ ഗാന്ധി എക്സില്‍ പോസ്റ്റ് ചെയ്തു. കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൂനെ പോലീസിനെതിരെയും കേസ് നല്‍കിയിട്ടുണ്ട്.

‘ഇതുവരെ ഞങ്ങളുടെ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാല്‍ ബിഡെക്കും പൂനെ പൊലീസിനുമെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തെ പൊലീസുകാര്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം തങ്ങളുടെ കടമകള്‍ നിറവേറ്റാത്തത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് തുഷാര്‍ ഗാന്ധി ഡെക്കാന്‍ ജിംക്കാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജൂലൈയില്‍ നടന്ന റാലിയില്‍ മഹാത്മാ ഗാന്ധിയെയും അദ്ദേഹത്തിന്റെ വംശപരമ്പരയെയും അധിക്ഷേപിച്ചതിന് മഹാരാഷ്ട്രയിലെ അമരാവതിയിലും നാസിക്കിലും പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ സംഭാജി ബിഡെക്കെതിരെ പൂനെയിലെ ഡെക്കാന്‍ ജിംക്കാന പൊലീസ് സ്റ്റേഷനിലും കേസെടുക്കണം എന്നായിരുന്നു തുഷാര്‍ ഗാന്ധിയുടെ ആവശ്യം.

Content Highlight: Mahatma Gandhi’s great grandson Tushar Gandhi moves Pune court against Sambhaji Bhide