| Monday, 30th September 2019, 11:07 am

'ബാപ്പുവിനെ ബി.ജെ.പി സര്‍ക്കാര്‍ പോസ്റ്ററില്‍ ഒതുക്കി'; മോദി രാഷ്ട്രപിതാവെന്ന ട്രംപിന്റെ പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് ഗാന്ധിയുടെ കൊച്ചുമകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ പിതാവ് എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി.

ജോര്‍ജ്ജ് വാഷിംഗ്ടണിന്റെ സ്ഥാനത്ത് സ്വയം അവരോധിക്കാന്‍ ശ്രമിക്കുന്ന ആളാണ് ട്രംപെന്നും അതുകൊണ്ട് തന്നെ ഇത്തരം പ്രസ്താവനകളില്‍ വലിയ അമ്പരപ്പൊന്നും തോന്നുന്നില്ലെന്നുമായിരുന്നു തുഷാര്‍ ഗാന്ധി പ്രതികരിച്ചത്.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം പ്രതീകാത്മകമായി മാത്രം ആഘോഷിക്കുകയാണ് സര്‍ക്കാരെന്നും തുഷാര്‍ ഗാന്ധി വിമര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്സെയെ മഹത്വവത്കരിക്കുന്ന ഇന്ത്യയിലെ വലതുപക്ഷ വിഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിന് സമയം വരുമ്പോള്‍ എല്ലാം നന്നാകും എന്നായിരുന്നു തുഷാര്‍ നല്‍കിയ മറുപടി.

‘വിദ്വേഷവും അക്രമവും ആഗ്രഹിക്കുന്നവര്‍ക്ക് ഗോഡ്‌സെയെ സ്തുതിക്കാം. എനിക്ക് അവരോട് യാതൊരു വിരോധവുമില്ല. ബാപ്പുവിനെ ആരാധിക്കാനുള്ള അവകാശം എനിക്കുള്ളത് പോലെ അത് അവരുടെ അവകാശമാണ്. ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

‘ജീവിതത്തിലും ഭരണത്തിലും ബാപ്പുവിന്റെ ചിന്തകളും പ്രത്യയശാസ്ത്രവും പ്രയോഗിക്കാനാകും, പക്ഷേ അത് സംഭവിക്കുന്നില്ല. കറന്‍സി നോട്ടുകളിലും സ്വച്ഛ് ഭാരത് അഭിയാന്‍ പോസ്റ്ററുകളിലും മാത്രമായി ബാപ്പുവിനെ പ്രതീകമായി ചുരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാലാതീതമാണെന്ന് തെളിയിക്കപ്പെടുകയും ലോകമെമ്പാടുമുള്ള ബഹുജന പ്രസ്ഥാനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്ത മഹാത്മാവിന്റെ പ്രത്യയശാസ്ത്രം സമൂഹം മനസ്സിലാക്കണം. സുസ്ഥിരതയുടെ പ്രത്യയശാസ്ത്രമാണ് ഗാന്ധിയന്‍ ചിന്ത.

അസഹിഷ്ണുതയും തീവ്രവാദ പ്രത്യയശാസ്ത്രങ്ങളും ശക്തിപ്പെടുത്തുന്ന ഈ സമയത്തും ഗാന്ധിയന്‍ ചിന്ത ആഗോള സ്വീകാര്യത നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞയാഴ്ച യു.എസ് സന്ദര്‍ശിച്ച മോദിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ രാഷ്ട്രപിതാവ് പരാമര്‍ശം. , ‘മുമ്പ് ഇന്ത്യ വളരെ മോശപ്പെട്ട അവസ്ഥയിലായത് ഞാന്‍ ഓര്‍ക്കുന്നു. അവിടെ ഭിന്നതയുണ്ടായിരുന്നു, പരസ്പരം കലഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മോദി എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്നു. ഒരു പിതാവിനെപ്പോലെ. അതെ അദ്ദേഹം ഇന്ത്യയുടെ പിതാവ് തന്നെയാണ്’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more