ന്യൂദൽഹി: മഹാത്മാഗാന്ധിയുടെ ചെറുമകളും ആദിവാസി സ്ത്രീക്ഷേമ പ്രവർത്തകയുമായ നിലംബെൻ പരീഖ് അന്തരിച്ചു. 92 വയസായിരുന്നു. ഇന്നലെ (ചൊവ്വ) നവസാരിയിലെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 8:00 മണിക്ക് വസതിയിൽ വെച്ച് നടക്കും. വീർവാൾ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
മഹാത്മാഗാന്ധിയുടെ മകൻ ഹരിലാലിന്റെ ചെറുമകളാണ് നിലാംബെൻ. പരേതനായ യോഗേന്ദ്രഭായിയാണ് ഭർത്താവ്. മുത്തച്ഛന്‍ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെന്‍ പരീഖ് പ്രശസ്തയാകുന്നത്.
ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവർ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടായിരുന്നു നിലംബെൻ തന്റെ ജീവിതം മുഴുവൻ ചെലവഴിച്ചത്. അവർ ആദിവാസി സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായി തൊഴിൽ പരിശീലനം നൽകുകയും ചെയ്തു.
ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും (ചഞ്ചൽ) അഞ്ച് മക്കളിൽ മൂത്തവളായ റാമിബെന്നിന്റെ മകളാണ് നിലംബെൻ. നവസാരിയിൽ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുന്ന മകൻ ഡോ. സമീർ പരീഖിന്റെ കൂടെയായിരുന്നു നീലംബെൻ കഴിഞ്ഞിരുന്നത്. മകനാണ് നിലംബെന്നിന്റെ മരണവാർത്ത അറിയിച്ചത്.
1955ൽ ബിരുദം നേടിയ ശേഷം തന്റെ മാതാപിതാക്കളായ യോഗേന്ദ്രഭായിയും നിലമ്പെനും ബോംബെ വിടുകയായിരുന്നുവെന്ന് മകൻ ഡോ. സമീർ പരീഖ് പറഞ്ഞു. ‘ഗ്രാമപ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കാൻ അവർ തീരുമാനിച്ചു. ആദ്യം അവർ ഗ്രാമീണ സൗരാഷ്ട്രയിലായിരുന്നു താമസിച്ചിരുന്നത്, കുറച്ചുകാലം വിനോബ ഭാവെയുടെ ഭൂദാൻ പ്രസ്ഥാനത്തിൽ ചേർന്നു. 1962ൽ ദക്ഷിണ ഗുജറാത്തിലെ വ്യാരയിലേക്ക് താമസം മാറുന്നതിനുമുമ്പ് ഏതാനും മാസങ്ങൾ അവർ ഒഡീഷയിലെ ഒരു വിദൂര ഗ്രാമത്തിൽ താമസിച്ചു.
തുടക്കത്തിൽ, അവർ താപി ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ ഒരു സ്കൂൾ ആരംഭിച്ചു, പക്ഷേ പിന്നീട് വ്യാരയിലെ ദക്ഷിണാപഥത്തിൽ സ്ഥിരതാമസമാക്കി. വിരമിക്കൽ വരെ അവിടെ സ്കൂൾ ക്വാർട്ടേഴ്‌സിൽ താമസിച്ചു. ഗുജറാത്തിലെ ആദിവാസി മേഖലകളിൽ പഠിപ്പിക്കുന്നതിനാണ് അവർ തന്റെ ജീവിതകാലം മുഴുവൻ ചെലവഴിച്ചത്,’ അദ്ദേഹം പറഞ്ഞു.
‘ഗാന്ധിയുടെ നഷ്ടപ്പെട്ട രത്നം: ഹിരാലാൽ ഗാന്ധി’ എന്ന നിലംബെന്നിന്റെ പുസ്തകം അവരുടെ മുത്തച്ഛന്റെ ജീവചരിത്രമായിരുന്നു. പിന്നീട് 2007ൽ ഫിറോസ് അബ്ബാസ് ഖാൻ ‘ഗാന്ധി മൈ ഫാദർ’ എന്ന ഹിന്ദി സിനിമയായി പുസ്തകത്തെ രൂപാന്തരപ്പെടുത്തി.
Content Highlight: Mahatma Gandhi’s great-granddaughter Nilamben Parikh passes away at 92 in Gujarat’s Navsari