തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലില്ലാതെ രണ്ടുലക്ഷം പേര്‍; തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും
Details Story
തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലില്ലാതെ രണ്ടുലക്ഷം പേര്‍; തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th September 2019, 4:26 pm

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് തൊഴിലാളികള്‍ വന്‍തോതില്‍ കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കാത്തിരുന്നിട്ടും രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനും പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞിട്ടില്ല.

ആസ്തി വികസനവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കിയതോടെയാണ് തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വന്നത്.

അവിദഗ്ദ തൊഴിലാളികളാണ് ജോലി ഇല്ലാതായവരിലേറെയും. സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 13,15,511 കുടുംബങ്ങളില്‍ നിന്നായി 14,95,313 പേരാണ് തൊഴിലുറപ്പുപ്രകാരം തൊഴില്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക വര്‍ഷം പകുതിയായിട്ടും ഇതില്‍ 1,61,997 കുടുംബങ്ങളിലെ 2,04,519 പേര്‍ക്ക് തൊഴില്‍ നല്‍കാനായിട്ടില്ല.

തൊഴില്‍ ആവശ്യപ്പെട്ടെത്തിയവരുടെ എണ്ണത്തിലും ഈ വര്‍ഷം വന്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 19.12 ലക്ഷം പേരാണ് തൊഴില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത്തവണയിത് 14.95 ലക്ഷമായി കുറഞ്ഞു.

മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികളായിരുന്നു തൊഴിലുറപ്പില്‍ കേരളത്തില്‍ കൂടുതല്‍ ഏറ്റെടുത്തിരുന്നത്. കുളം കുഴിക്കല്‍, തോടുവെട്ടല്‍, കൃഷിക്ക് നിലമൊരുക്കല്‍, ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ ,കാടുവെട്ടിത്തെളിക്കല്‍ തുടങ്ങിയവ. എന്നാല്‍ ഇവയ്ക്ക് നിയന്ത്രണം കൊണ്ടുവന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആസ്തി വികസനത്തിനും പ്രാമുഖ്യം നല്‍കാന്‍ കേന്ദ്രം നിര്‍ദേശിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.

നടപ്പുസാമ്പത്തിക വര്‍ഷം തയ്യാറാക്കിയ ഭൂരിഭാഗം പദ്ധതികളിലും പഞ്ചായത്തുകള്‍ക്ക് പുതിയ നിര്‍ദേശമനുസരിച്ച് ഭേദഗതി വരുത്തേണ്ടി വന്നു. അതിനാല്‍ തൊഴിലിനായുള്ള കാത്തിരിപ്പ് വീണ്ടും നീളും. ഭേദഗതി പദ്ധതികളില്‍ വിദഗ്ധതൊഴിലാളികള്‍ക്ക് മാത്രമായിരിക്കും മുന്‍ഗണന.

രജിസ്റ്റര്‍ ചെയ്യുന്ന കുടുംബത്തിന് വര്‍ഷം 100 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കുകയായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക 100 ദിവസം തൊഴില്‍ നല്‍കാനായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.41 ലക്ഷം കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കി റെക്കോര്‍ഡുമിട്ടു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം പകുതിയായിട്ടും 1952 കുടുംബങ്ങള്‍ക്കുമാത്രമേ 100 തൊഴില്‍ ദിനം നല്‍കാനായിട്ടുള്ളൂ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതല്‍ പണമിറക്കാന്‍ തീരുമാനച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തൊഴിലുറപ്പ് നിയമ പ്രകാരമുള്ള കൂലിയെ പരിഷ്‌കരിച്ച പണപ്പെരുപ്പ സൂചികയുമായി ബന്ധിപ്പിക്കാനായിരുന്നു ഈ നീക്കം.

ഇത് വര്‍ഷം തോറും പരിഷ്‌കരിക്കും.ഇങ്ങനെ കൂലിയും ഉത്പ്പന്നങ്ങള്‍ വാങ്ങാനുള്ള ശേഷിയും വര്‍ധിക്കുകയും ഗ്രാമീണ മേഖലയിലെ ചോദ മെച്ചപ്പെടുകയും ചെയ്യുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ നീക്കത്തില്‍ ചില സാമ്പത്തിക വിദഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിപണി നിരക്കിനേക്കാള്‍ വളരെ കുറവാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി എന്നതാണ് ഇതിനു കാരണം.

തൊഴിലുറപ്പ് തൊഴിലാളിക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 178.44 രൂപയാണ്. അതേസമയം തൊഴില്‍ മന്ത്രാലയം ശിപാര്‍ശ ചെയ്യുന്ന കുറഞ്ഞ കൂലിയാകട്ടെ ദിവസം 375 രൂപയും.

സാധാരണ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് കൂലി നിലവാര പരിഷ്‌കരണങ്ങള്‍ നടത്താറുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഈ വര്‍ഷം തന്നെ വര്‍ധന വരുത്താനാണ് സര്‍ക്കാര്‍ നീക്കം. കൂലി വര്‍ധന സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന നിരക്ക് വളരെ കുറവാണെന്നും പണപ്പെരുപ്പവുമായി ബന്ധപ്പെടുത്താന്‍ മതിയാകാത്തതാണെന്നും അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിഭാഗം തലവന്‍ ഡോ.ദീപ സിന്‍ഹ പറഞ്ഞു.

പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (20172018)പ്രകാരം പുരുഷന്‍മാര്‍ക്കുള്ള വിപണി കൂലി തൊഴിലുറപ്പ് കൂലിയേക്കാള്‍ 74 ശതമാനം അധികമാണ്. സ്ത്രീകള്‍ക്ക് 21 ശതമാനവും. അതിനാല്‍ ആദ്യം തൊഴിലുറപ്പു കൂലി വര്‍ദ്ധിപ്പിക്കണം. അല്ലാത്ത പക്ഷം അത് നാമമാത്രമാകുമെന്നും സിന്‍ഹ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതല്‍ പണമൊഴുക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ പ്രഥമ തെളിവാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് മുമ്പ് പറഞ്ഞിരുന്നു.

തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടി രൂപയാണ് ബജറ്റ് വിഹിതം. ഇതില്‍ 75 ശതമാനവും ഇപ്പോള്‍ തന്നെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കൂടുതലായി ഇരുപതിനായിരം കോടി കൂടി ധനമന്ത്രാലയത്തോട് ഗ്രാമവികസന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ