| Wednesday, 30th January 2019, 3:43 pm

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധികോലത്തിലേക്ക് വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിക്കെതിരെ പ്രതീകാത്മക വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിലേക്ക് കളിത്തോക്കുകൊണ്ട് വെടിയുതിര്‍ത്തത്.

വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി മധുര വിതരണവും നടത്തി.

മുമ്പും ഗാന്ധി രക്തസാക്ഷിത്വ ദിനം മധുരം നല്‍കിയും ഡ്രെം മുഴക്കിയും ഡാന്‍സ് കളിച്ചും ഹിന്ദു മഹാ സഭാ ആഘോഷിച്ചിരുന്നു.

Read Also : ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പി ഹിന്ദുത്വവാദത്തിലൂന്നി പ്രചരണം നടത്തിയാല്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

നാഥുറാം ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

അലിഗഢില്‍ നടത്തിയ പ്രസംഗത്തിലാണ് ഗണിത പ്രൊഫസറും സംഘടനയുടെ നേതാവുമായ പൂജ വിദ്വേഷ പ്രസംഗം നടത്തിയത്. രാജ്യത്ത് ഇനി ആരെങ്കിലും മഹാത്മാഗാന്ധിയെ പോലെ ആവാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ താന്‍ വെടിവെച്ചു കൊല്ലുമെന്നും പൂഡ പാണ്ഡെ പറഞ്ഞിരുന്നു.

ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഗാന്ധിജിയെ ആ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ അന്ന് ആവശ്യപ്പെട്ടിരുന്നു.

1948 ജനുവരി 30ന് ദല്‍ഹിയിലെ ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിജിയെ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോദ്സെ വെടിവെച്ചാണ് കൊലപ്പെടുത്തിയത്. 1949 നവംബര്‍ 15ന് വിചാരണക്ക് ശേഷം ഗോദ്സെയെ തൂക്കിലേറ്റി.

We use cookies to give you the best possible experience. Learn more