| Friday, 11th October 2019, 12:49 pm

'ആള്‍ക്കൂട്ട ആക്രമണം'; പ്രധാനമന്ത്രിക്ക് കത്തെഴുതിയ ആറ് വിദ്യാര്‍ത്ഥികളെ മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി.

വര്‍ധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്ച്.വി)യിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്.

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സിനിമാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി വിവാദമായതിന് പിന്നാലെയാണ് ഈ നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

50 പ്രമുഖ വ്യക്തികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി കൊണ്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് കോളേജില്‍ നിന്നും പുറത്താക്കിയതായി അവര്‍ അറിയിച്ചത്. – വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുക, കശ്മീര്‍ വിഷയം, ബലാത്സംഗ കേസുകളില്‍ പ്രതികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പ്രതിപാദിച്ചത്. എന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് തങ്ങള്‍ നടത്തിയതെന്ന് കാണിച്ച് വാഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ തങ്ങളെ പുറത്താക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഭരണപരമായ പ്രക്രിയയില്‍ ഇടപെട്ടതിനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനുമാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത് എന്നാണ് എം.ജി.എ.എച്ച്.വി അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

മഹാത്മാഗാന്ധിയുടെ പേരില്‍ സ്ഥാപിതമായ സര്‍വ്വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തെ എതിര്‍ത്തവരെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ക്യാമ്പസില്‍ പരിപാടികളും ശാഖകളും നടത്താന്‍ വാര്‍സിറ്റി അഡ്മിനിസ്‌ട്രേഷന്‍ അനുവദിച്ചതായും ഒരു വിദ്യാര്‍ത്ഥി നേതാവ് നാഷണല്‍ ഹെറാള്‍ഡിനോട് പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ബി.എസ്.പി സ്ഥാപകന്‍ കന്‍ഷിറാമിന്റെ മഹാപരിനിര്‍വാന്‍-ദിവസ് ആഘോഷിക്കാന്‍ തങ്ങള്‍ അനുമതി തേടിയപ്പോള്‍ അത് അനുവദിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

പുറത്താക്കപ്പെട്ട ആറ് വിദ്യാര്‍ത്ഥികളും ദളിത്, ഒ.ബി.സി വിഭാഗത്തില്‍ പെട്ടവരാാണ്. വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ എഴുതുമ്പോള്‍ സര്‍വകലാശാലാ ഭരണകൂടം പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കോളേജില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ ഗാന്ധി ഹാളിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഗാന്ധി ഹാളിന്റെ ഗേറ്റില്‍ കുത്തിയിരിപ്പ് സമരം നടത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു.

എന്നാല്‍ തങ്ങളെ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനെ കുറിച്ച് പോലും പരാമര്‍ശിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ മേല്‍ ആരോപിച്ച കുറ്റകൃത്യം രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുകള്‍ എഴുതി എന്നതാണ്. ഇത് എങ്ങനെയാണ് ഒരു കുറ്റകൃതമാകുന്നെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു.

We use cookies to give you the best possible experience. Learn more