ഗാന്ധിവധം ആത്മഹത്യയാക്കുന്നവരോട്....
ജിതിന്‍ ടി പി

ഗാന്ധിജിയെ നഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വ തീവ്രവാദി വെടിവെച്ചു കൊന്നതാണ്….

ഗാന്ധിജിയെ നഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വ തീവ്രവാദി വെടിവെച്ചു കൊന്നതാണ്….

ഗാന്ധിജിയെ നഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വ തീവ്രവാദി വെടിവെച്ചു കൊന്നതാണ്….

ഇത് വീണ്ടും വീണ്ടും പറയേണ്ടിവരികയാണ്… മഹാത്മാ ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയില്‍ ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന ചോദ്യം വന്നത് യാദൃശ്ചികമാണെന്ന് കരുതാനാകില്ല. അതേസമയം തന്നെ ഗാന്ധിജിയുടെ രക്തം വീഴ്ത്തിയ അതേ പ്രത്യയശാസ്ത്രം ഗാന്ധിജിയുടെ ആദര്‍ശങ്ങളുടെ സ്തുതി പാഠകരാകുന്ന വിചിത്രസംഭവങ്ങളരങ്ങേറുന്നു.

ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്ന്, ഇന്ത്യയിലെ ഹിന്ദുത്വ ആക്രമോത്സുകതയുടെ പ്രഥമ ചുവടുവെയ്പ്, ഗാന്ധി വധം. ഇന്ത്യന്‍ കലണ്ടറില്‍ രേഖപ്പെടുത്തിയ ഈ സംഭവത്തെ വെറും ആത്മഹത്യയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലത്ത് ഇന്ത്യന്‍ ജനത വീണ്ടും വീണ്ടും ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

കലണ്ടറുകളില്‍ കാണുന്ന കറുപ്പക്ഷരങ്ങള്‍ക്കിടയില്‍ അവധി ദിവസം കാണിക്കുന്ന ചുവപ്പല്ല ജനുവരി 30 ന്റെ ചുവപ്പ്. ഒരായുഷ്‌കാലം മുഴുവന്‍ അഹിംസാ മന്ത്രം ഉരുവിട്ട് ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വന്ദ്യവയോധികനായ ഒരു മനുഷ്യ സ്‌നേഹിക്ക് നേരെ മതഭ്രാന്ത് നിറയൊഴിച്ചതിന്റെ ചുവപ്പാണത്… ഗാന്ധിയുടെ രക്തം കൊണ്ട് ചുവന്ന ദിനം…

അറിയാത്തവര്‍ക്കായി ഒരിക്കല്‍ കൂടി ആ ദിവസത്തെക്കുറിച്ച് പറയാം…

1948 ജനവരി 30-ാം തീയതി വൈകീട്ട് പതിവ് പ്രാര്‍ഥനായോഗത്തിലേക്ക് പോയതായിരുന്നു ഗാന്ധി. പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികളില്‍ നാലെണ്ണം കയറിയപ്പോഴേക്കും ഏകദേശം 35 വയസ്സ് പ്രായമുള്ള ഒരു യുവാവ് ഗാന്ധിജിയുടെ മുന്‍പാകെ വന്നു. ഗാന്ധിജിയില്‍നിന്ന് ഏകദേശം രണ്ടുവാര മാത്രം അകലെനിന്ന് വണങ്ങി. ഗാന്ധിജി പ്രതിവന്ദനം ചെയ്തു.

‘ഇന്ന് പ്രാര്‍ഥനയ്ക്കെത്താന്‍ കുറേ വൈകിയല്ലോ.’ ആ യുവാവ് പറഞ്ഞു. ‘ഉവ്വ്, ഞാന്‍ വൈകി.’ ഗാന്ധിജി ചിരിച്ചുകൊണ്ട് മറുപടി നല്‍കി. അപ്പോഴേക്കും യുവാവ് തന്റെ റിവോള്‍വര്‍ വലിച്ചെടുത്തു. ഗാന്ധിജിയുടെ ദേഹത്തിനുനേരെ തുടരെത്തുടരെ മൂന്ന് ഉണ്ടകള്‍ ഉതിര്‍ത്തു കഴിഞ്ഞിരുന്നു. ആദ്യത്തെ വെടി വയറില്‍ കൊണ്ടു. രണ്ടാമത്തെ വെടി അടിവയറ്റില്‍ കൊണ്ടു. മൂന്നാമത്തെ വെടി നെഞ്ചത്തും. ഗാന്ധിജി മലര്‍ന്നുവീണു. കണ്ണട തെറിച്ചുപോയിരുന്നു. മുറിവുകളില്‍നിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു.

നാലോ അഞ്ചോ ആളുകള്‍ അദ്ദേഹത്തെ ഉടനെ ബിര്‍ലാ മന്ദിരത്തിലേക്കെടുത്തു. ഗാന്ധിജിയെ കിടത്തിയിരുന്ന മുറി ഉടനെ അടച്ചു… ഗാന്ധിജിയുടെ സംഘത്തിലെ ഒരംഗം ഗാന്ധിജിയുടെ മുറിയില്‍നിന്ന് പുറത്തേക്ക് വന്നു പറഞ്ഞു ‘ബാപ്പു അന്തരിച്ചു.’

ഗാന്ധിജിയെ കൊലപ്പെടുത്തിയ ആള്‍ നാഥുറാം വിനായക ഗോഡ്സെ 35 വയസ്സുള്ള മഹാരാഷ്ട്രക്കാരനായ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച ‘ഹിന്ദു’വാണെന്നും അയാള്‍ ‘ഹിന്ദുരാഷ്ട്ര’മെന്ന പത്രത്തിന്റെ അധിപനാണെന്നും എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്. ബിര്‍ല ഹൗസില്‍ വച്ച് തന്നെ മുമ്പ് ഒരു തവണ ഗാന്ധിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദു തീവ്രവാദിയും ഹിന്ദു മഹാസഭ നേതാവുമായിരുന്ന നാഥുറാം ഗോഡ്സെയും നാരായണ്‍ ആപ്തെയും ബോംബെ വഴി പൂനെയിലേക്ക് മടങ്ങിപ്പോയിരുന്നു.

നിരവധി തവണ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു ഗാന്ധിവധം. ഹിന്ദുത്വമായിരുന്നു ഗാന്ധിയുടെ നെഞ്ചില്‍ തറഞ്ഞ വെടിയുണ്ടകള്‍…

വീണ്ടും പറയുന്നു

ഗാന്ധിജിയെ നഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വ തീവ്രവാദി വെടിവെച്ചു കൊന്നതാണ്….

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.