'രാഹുല്‍ ഗാന്ധീ, നിങ്ങളുടെ വിശാലസഖ്യത്തില്‍ വിജയ് മല്ല്യയും പങ്കാളിയാണോ?': ട്വിറ്റര്‍ വിഷയത്തില്‍ ബി.ജെ.പി
National
'രാഹുല്‍ ഗാന്ധീ, നിങ്ങളുടെ വിശാലസഖ്യത്തില്‍ വിജയ് മല്ല്യയും പങ്കാളിയാണോ?': ട്വിറ്റര്‍ വിഷയത്തില്‍ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st July 2018, 2:12 pm

ന്യൂദല്‍ഹി: വിജയ് മല്ല്യ ട്വിറ്റര്‍ സന്ദേശം പങ്കുവച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി നേതൃത്വം. സ്വിസ്സ് ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപം വര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രാഹുല്‍ ട്വിറ്ററില്‍ കുറിച്ച സന്ദേശം കഴിഞ്ഞ ദിവസം വിജയ് മല്ല്യ റീട്വീറ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിശാലസഖ്യത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം മല്ല്യയുമുണ്ടോ എന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പി ദേശീയ വക്താവായ സംപിത് പത്രയാണ് രാഹുലിനെ വിമര്‍ശിച്ചു കൊണ്ട് പ്രസ്താവന നടത്തിയിരിക്കുന്നത്. “മഹാ ഠഗ്” (വഞ്ചകന്‍) ആയ മല്ല്യ പ്രതിപക്ഷത്തോടൊപ്പം “മഹാഗത്ബന്ധ”നില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പത്ര ചോദിക്കുന്നത്.


Also Read: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍


“രാഹുലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാല്‍ തന്റെ നല്ല നാളുകള്‍ തിരിച്ചുവരുമെന്ന് മല്ല്യ കരുതുന്നത് എന്തു കൊണ്ടാണ്? മഹാ-ഠഗ് മഹാഗത്ബന്ധന്റെ ഭാഗമാണോ എന്നാണ് രാഹുലിനോട് രാജ്യം ചോദിക്കുന്നത്. എന്തു കൊണ്ടാണ് മല്ല്യ വിജയഹാരവുമായി രാഹുലിനു വേണ്ടി കാത്തുനില്‍ക്കുന്നത്?” സംപത് പത്ര ചോദിക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് എന്തിനാണ് മല്ല്യ അദ്ദേഹത്തെ അംഗീകരിക്കുന്നതെന്നും പത്ര ആരായുന്നു. “രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ സന്ദേശം കുറിച്ചിരിക്കുകയാണ്. പണമിടപാടു കേസിലെ എക്കാലത്തെയും വലിയ വഞ്ചകനായ വിജയ് മല്ല്യ അത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇത് തീര്‍ത്തും ആശ്ചര്യകരമാണ്. എന്തു കൊണ്ടാണ് മല്ല്യ താങ്കളെ പിന്താങ്ങുന്നതെന്നാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും രാഹുല്‍ ഗാന്ധിയോടു ചോദിക്കാനുള്ളത്.” അദ്ദേഹം പറഞ്ഞു.


Also Read: “രാജിവെച്ച നടിമാരുടെ നടപടി അഭിനന്ദനാര്‍ഹം; ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല”: ടി. പി മാധവന്‍


” രാഹുല്‍, നിങ്ങളുടെ പാര്‍ട്ടിയുടെ ഭരണകാലത്ത് മല്ല്യ അറിയപ്പെട്ടത് നല്ല കാലങ്ങളുടെ രാജാവായാണ്. മോദിയുടെ കാലത്തെ ശക്തമായ നയങ്ങള്‍ കാരണം താനിപ്പോള്‍ ബാങ്ക് തട്ടിപ്പിന്റെ പ്രതീകമായി മാറിപ്പോയെന്ന് അദ്ദേഹം ഈയിടെ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.” പത്ര അവകാശപ്പെടുന്നു.