മഹാത്മാഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണ്; ഇന്ത്യക്കാര്‍ ഭാരതമാതാവിന്റെ മക്കളാണെന്നും മധ്യപ്രദേശിലെ ബി.ജെ.പി നേതാവ്
ഭോപ്പാല്‍: മഹാത്മാഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് ബി.ജെ.പി നേതാവ്. മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ അനില്‍ സൗമിത്രയാണ് ഗാന്ധി പാകിസ്ഥാന്‍ രാഷ്ട്രപിതാവാണെന്ന് ആരോപിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു അനില്‍ സൗമിത്ര ഗാന്ധി വിരുദ്ധ പരാമര്‍ശം നടത്തിയത്. ‘രാഷ്ട്ര പിതാവാണെന്നത് ശരിയാണ്, പക്ഷേ പാകിസ്ഥാന്റെയാണ്. ഇത് പോലെ കോടിക്കണക്കിന് പേര്‍ക്ക് ഇന്ത്യ ജന്മം കൊടുത്തിട്ടുണ്ട്, മഹാന്മാര്‍ക്കും വിലകെട്ടവര്‍ക്കും’ എന്നായിരുന്നു സൗമിത്ര ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, സൗമിത്രയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ബി.ജെ.പി മധ്യപ്രദേശ് അധ്യക്ഷന്‍ രാകേഷ് സിംഗ് അറിയിച്ചു.
പാര്‍ട്ടിയില്‍ നിനും സസ്‌പെന്റ് ചെയ്തിട്ടും തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് സൗമിത്ര ചെയ്തത്. രാഷ്ട്രപിതാവ് എന്നൊരാശയം തന്നെയില്ലെന്നാണ് പുറത്താക്കലിനെ ന്യായീകരിച്ച് അനില്‍ സൗമിത്ര പറഞ്ഞത്.
ഇന്ത്യക്കാര്‍ ഭാരതമാതാവിന്റെ മക്കളാണ്. രാഷ്ട്രപിതാവ് എന്ന ആശയം കോണ്‍ഗ്രസിന്റേതാണെന്നും ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും സൗമിത്ര പറഞ്ഞു.
അതേസമയം, രാജ്യത്തെ ജനങ്ങള്‍ക്ക് ഗാന്ധിയോട് വൈകാരികമായ ബന്ധമാണുള്ളത്. ഗാന്ധിക്കെതിരെയുള്ള ഏത് നീക്കവും തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നുള്ളത് കൊണ്ടാണ് അനില്‍ സൗമിത്രയെ നീക്കിയതെന്ന് ബി.ജെ.പി വക്താവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
നേരത്തെ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു.
ഗോഡ്‌സെ ദേശഭക്തനാണെന്നും അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ പുനപരിശോധന നടത്തണമെന്നുമായിരുന്നു പ്രജ്ഞാ സിങിന്റെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിങ്.
എന്നാല്‍ അവരെ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് പ്രജ്ഞാ സിങ് ഠാക്കൂറിനോട് തനിക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.