തിരുവനന്തപുരം: ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന് ഇടത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍നിന്നു മഹാത്മാ ഗാന്ധിയെ പുറത്താക്കിയതിനു പിന്നാലെ നിയമസഭയുടെ വജ്രജൂബിലി ആഘോഷ നോട്ടിസിന്റെ കവര്‍ പേജില്‍ നിന്നും ഗാന്ധിജിയെ ഒഴിവാക്കിയതായി പരാതി.
ഗാന്ധിജിയെയും അംബേദ്ക്കറെയും ഒഴിവാക്കുകയും പകരം ഇ.എം.എസിന്റെ ചിത്രമാണ് കവര്‍ പേജില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ മന്ദിരത്തിന്റെ മുന്‍വശത്തുനിന്നുള്ള ചിത്രമെടുക്കുന്നതിനു പകരം, നിയമസഭാ വളപ്പിനു പുറത്തെ ഇ.എം.എസ് പ്രതിമ ശ്രദ്ധിക്കപ്പെടുംവിധം ചിത്രമെടുത്ത് നോട്ടിസ് തയാറാക്കിയത് അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ കത്തില്‍ വ്യക്തമാക്കുന്നു.
നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ നിന്നു ചിത്രമെടുത്താല്‍ ഗാന്ധിജിയുടെ കൂറ്റന്‍ പ്രതിമ ഒഴിവാകില്ല. എന്നാല്‍ ഗാന്ധിജിയുടെയും ഡോ. ബി.ആര്‍.അംബേദ്കറുടെയും നെഹ്‌റുവിന്റെയും പ്രതിമ ഒഴിവാക്കി നിയമസഭാ വളപ്പിനു പുറത്ത്, നഗരസഭാ സ്ഥലത്തു മരങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഇ.എം.എസ് പ്രതിമയുടെ ചിത്രമാണ് ജൂബിലി നോട്ടിസില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് ആക്ഷേപം.
കേന്ദ്രസര്‍ക്കാരിന്റെ പാത പിന്തുടര്‍ന്ന് ഔദ്യോഗിക രേഖകളില്‍നിന്നു ഗാന്ധിജിയെ കുടിയിറക്കാനുള്ള ശ്രമത്തിലാണ് ഇടത് സര്‍ക്കാരെന്നും പ്രതിപക്ഷം ആരോപിച്ചു.
അടുത്ത 30ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും രാവിലെ 11നു രണ്ടു മിനിറ്റ് മൗനം ആചരിച്ചു രക്തസാക്ഷി ദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍, അന്നു ഗാന്ധിജിയുടെ ചരമ ദിനമാണെന്ന പരാമര്‍ശം ഇല്ലാതിരുന്നതു വിവാദമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലി കഴിച്ചവരുടെ സ്മരണയ്ക്കായി മൗനം ആചരിക്കണമെന്നു മാത്രമേ ഉത്തരവിലുണ്ടായിരുന്നുള്ളൂ.
ഗാന്ധിജിയുടെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ മോദിയുടെ പാതയിലാണു സഞ്ചരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗാന്ധിജിയെ ഒഴിവാക്കുന്നതു ഗൂഢ ലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.