| Tuesday, 5th June 2012, 9:45 pm

പിണറായി ഗ്രാമം സന്ദര്‍ശിക്കാം, വിജയന്‍ കൂടംകുളം സന്ദര്‍ശിക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എഴുതിയ കത്തിന് മറുപടി കത്തുമായി മഹാശ്വേതാദേവി. സി.പി.ഐ.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസംഗത്തില്‍ വ്യക്തിപരമായി മഹാശ്വേതാ ദേവിയെ അവഹേളിച്ചുകൊണ്ടു നടത്തിയ പരാമര്‍ശങ്ങളെ  പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി മഹാശ്വേതാ ദേവി നേരത്തെ തന്നെ (ജൂണ്‍ ഒന്നിന്) കത്തെഴുതിയിരുന്നു. “മഹാശ്വേതാദേവിക്ക് എന്തിന്റെ കഴപ്പാണെന്ന് എനിക്കറിയാം” എന്നായിരുന്നു മണിയുടെ പ്രസ്താവന.

തന്റെ കത്തിനകത്ത് പിണറായി വിജയന്റെ വസതിയെ സംബന്ധിച്ചുള്ള ചില പ്രചാരണങ്ങളെ കുറിച്ച് പറഞ്ഞിരുന്നു . പിണറായി വിജയന്റെ മാളികയ്ക്ക് സമീപം ആര്‍ക്കും പോകാനാവില്ലെന്നും ആ വാര്‍ത്ത, തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും താന്‍ നേരിട്ട് കാണാതെ അത് വിശ്വസിക്കില്ലെന്നുമായിരുന്നു കത്തിലെ പരാമര്‍ശം .  ഇതിന് മറുപടിയായി പിണറായി വിജയനും തുറന്ന കത്തെഴുതി. മഹാശ്വേതാ ദേവിയെ തന്റെ വീട് കാണാന്‍ ക്ഷണിക്കുന്നുവെന്നും അവര്‍ ചില തല്‍പ്പര കക്ഷികളുടെ കൈകളില്‍ പെട്ടു പോയതായും വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു പിണറായിയുടെ കത്ത്.

കത്തില്‍ പിണറായി വിജയന്‍ പരോക്ഷമായി മണിയെ ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. നാട്ടിന്‍പുറത്ത് പണിചെയ്തും  പാര്‍ട്ടി കെട്ടിപ്പടുത്തും വളര്‍ന്നു വന്നയാളാണ് മണി. അതുകൊണ്ട് മണിക്ക് പരിഷ്‌കൃതമായ ഭാഷ ഉണ്ടാവില്ല. ഗോത്ര മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള മഹാശ്വേതാ ദേവിക്ക് ഇത് മനസിലാകേണ്ടതാണ് എന്നാണ് പിണറായി വിജയന്‍ തന്റെ കത്തില്‍ പറഞ്ഞിരുന്നത്.

മണിമാളിക പ്രയോഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മഹാശ്വേതാ ദേവി പിണറായി വിജയനുണ്ടായ വ്യസനത്തില്‍ അദ്ദേഹത്തോട് ക്ഷമചോദിച്ചതായി ഇന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാളിക പ്രശ്‌നത്തില്‍ തനിക്ക് തെറ്റായ ഇന്‍ഫര്‍മേഷന്‍ ലഭിക്കുകയായിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ പിണറായി വിജയനെ വേദനിപ്പിച്ചിട്ടുണ്ട്. അദ്ദേഹം സാധാരണ വീട്ടിലാണ് താമസിക്കുന്നത് അല്ലാതെ മണിമാളികയിലല്ല. അതിനാല്‍ താന്‍ പിണറായി വിജയനോട് ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തത്.

എന്നാല്‍ ഇതിന്റെ വിശദീകരണത്തിനായി മഹാശ്വേതാദേവിയുമായി  ഡൂള്‍ന്യൂസ്.കോം ബന്ധപ്പെട്ടപ്പോള്‍ “ദല്‍ഹിയില്‍ നിന്നൊരാള്‍ വിളിച്ചിരുന്നു. വീടുമായി ബന്ധപ്പെട് എന്റെ പരാമര്‍ശത്തില്‍ പിണറായി വിജയന് വിഷമമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനതില്‍ ഖേദം രേഖപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഞാന്‍ ഉടന്‍ തന്നെ കത്ത് തയ്യാറാക്കുന്നുണ്ട്” എന്നായിരുന്നു അവരുടെ പ്രതികരണം.

ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്ന വാര്‍ത്തയെ ഉദ്ധരിച്ചുകൊണ്ട് മഹാശ്വേതാ ദേവി മാപ്പു പറഞ്ഞുവെന്ന് സൈബര്‍ലോകത്ത് പ്രചാരണം നടക്കുന്നതിനിടയിലാണ് അവര്‍ ഇപ്പോള്‍ പിണറായി വിജയന് കത്തെഴുതിയിരിക്കുന്നത്. പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളെയാണ് പ്രധാനമായും ഈ കത്തില്‍ മഹാശ്വേതാദേവി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പാര്‍ട്ടിയും മാഫിയകളുമായുള്ള ബന്ധങ്ങളും കൂടംകുളം വിഷയത്തോടുള്ള പാര്‍ട്ടിയുടെ നിലപാടുമാണ് എഴുത്തുകാരി ശക്തമായി ചോദ്യം ചെയ്തിരിക്കുന്നത്.

കത്തിന്റെ പൂര്‍ണ്ണ രൂപം:

മജീന്ദ്രനല്ല , മാഫിയയാണ് പ്രശ്‌നം

വിജയന്‍, കത്തില്‍ താങ്കള്‍ എന്നോട് കാണിച്ച ബഹുമാനം ഹൃദയ സ്പര്‍ശിയാണ്. താങ്കളുടെ വീട്ടിലേയ്ക്കുള്ള ക്ഷണം ഞാന്‍ സ്വീകരിക്കുന്നു. അടുത്ത തവണയാകട്ടെ, ഞാന്‍ വരാം. ഞാനുന്നയിക്കാനാഗ്രഹിക്കുന്ന വിഷയം വാസ്തവത്തില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നു പോകുന്നു എന്നതാണ്. ജനങ്ങള്‍ക്കൊപ്പമാണ് പാര്‍ട്ടി നില്‍ക്കുന്നതെന്ന്, അവരുടെ ആഗ്രഹങ്ങളാണ് പാര്‍ട്ടിയുടെ ആഗ്രഹങ്ങളെന്ന് താങ്കള്‍ക്ക് ഉറപ്പു തരാനാവുമെങ്കില്‍ ഭൂതകാലത്തിലെന്നപോലെ ഞാന്‍ സന്തോഷവതിയാകും. പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പം നിന്ന കാലത്തോളം ഞാന്‍ പാര്‍ട്ടിയോടൊപ്പമായിരുന്നു. ഞാന്‍ ജീവിക്കുന്നതും എഴുതുന്നതുമൊക്കെ ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടിയാണ്.

ഫുക്കുഷിമാ ദുരന്തമുണ്ടായത് ലോകത്തെ എല്ലാ സര്‍ക്കാരുകളും അതുപോലെ തന്നെ അവിടുള്ള പൗരന്മാരും ആണവ പദ്ധതികളെ പറ്റി പുനര്‍ വിചിന്തനം നടത്തുന്നതിന് കാരണമായിത്തീര്‍ന്നു. ആണവ ഇന്ധന ചക്രത്തിനുള്ളിലെ (nuclear fuel cycle) ഓരോ ഘട്ടത്തിലും റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലുള്ള പ്രശ്‌നങ്ങളും (അത് യുറേനിയം ഖനനം മുതല്‍, അതിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തൊട്ട് സംപുഷ്ടീകരണവും ഇന്ധന ദണ്ഡുകളുടെ നിര്‍മ്മാണം വരെയും, അതുപോലെ തന്നെ ആണവ റിയാക്ടറുകളുടെ ഉപയോഗം, അവസാനം ബഹിര്‍ഗമിക്കുന്ന ഉന്നത ആണവ മാലിന്യങ്ങളുടെ സംഭരണം മുതലായവ), റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ പരിസ്ഥിതിയിലേയ്ക്ക് പുറംതള്ളപ്പെടുമ്പോള്‍ മഹാദുരന്തങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ആണവോര്‍ജ്ജം തിരഞ്ഞെടുക്കുന്നത് പൂര്‍ണ്ണമായും അസ്വീകാര്യമായ ഒന്നാക്കിത്തീര്‍ക്കുന്നുണ്ട്. ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും അപകടം വരുത്തുന്നു എന്നതാണ് ആണവ സാങ്കേതിക വിദ്യയിലുള്ളടങ്ങിയിട്ടുള്ളത്.

വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഇതിനേക്കാള്‍ സുരക്ഷിതവും മലിനീകരണം കുറഞ്ഞതും ചെലവു കുറഞ്ഞതുമായ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ജലവൈദ്യത പദ്ധതികള്‍, സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുമുള്ള ഊര്‍ജ്ജം, ജൈവോര്‍ജ്ജം മുതലായവ. പിന്നെന്തിനാണ് ഈ ആണവ അധിപന്‍മാര്‍ ആണവ റിയാക്ടറുകള്‍ അടിച്ചേല്‍പ്പിക്കുന്നത്? വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ചെലവു വരുന്ന ഒന്നാണ് ന്യൂക്ലിയര്‍ സാങ്കേതികവിദ്യ. ഒരു ന്യൂക്ലിയാര്‍ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാകണമെങ്കില്‍ ബില്യന്‍ കണക്കിന് ഡോളര്‍ കൈകളിലൂടെ ഒഴുകണം.

ഒരിക്കലും സുതാര്യമല്ലാത്ത പതിരോധ പട്ടാള  വകുപ്പുകളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാ രാജ്യങ്ങളിലും ആണവ വകുപ്പിന് അധികാരം വേണ്ടുവോളമുണ്ട്. ഇതൊന്നും തന്നെ സുതാര്യമല്ല. ഇവയൊക്കെ പാര്‍ലമെന്റുള്‍പ്പടെയുള്ള ഉയര്‍ന്ന നിയമനിര്‍മ്മാണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഓഡിറ്റുകളില്‍ നിന്നും പരിശോധനകളില്‍ നിന്നും മേല്‍നോട്ടങ്ങളില്‍ നിന്നുപോലും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ന്യൂക്ലിയര്‍ സ്ഥാപനങ്ങള്‍ അത്തരത്തില്‍ രഹസ്യാത്മകമാണ്. മാത്രവുമല്ല ഇവര്‍ വളരെ ഗുരുതരമായ അപകടങ്ങളെ പോലും നിസ്സാരവല്‍ക്കരിച്ചാണ് അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ ന്യൂക്ലിയര്‍ പ്ലാന്റുകളുടെ ട്രാക്ക് റെക്കോര്‍ഡ് നിരാശാജനകമാണ്. അപകടങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള ന്യൂക്ലിയാര്‍ റിയാക്ടറുകള്‍ക്കും അപകടങ്ങളോടടുത്ത് വരെ എത്തിയ ആണവ റിയാക്ടറുകള്‍ക്കും ഇവിടെ ധാരാളം ഉദാഹരണങ്ങളുണ്ട്, താരാപ്പൂറും കൈഗയും രാവത്ത് ഭട്ടയും ഖാക്രാപാറുമൊക്കെയായി. ഇവയൊക്കെത്തന്നെ ജനങ്ങളില്‍ നിന്നും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എവിടെയൊക്കെ അപകടങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആ വാര്‍ത്തകളൊക്കെ നിഷേധിക്കപ്പെടുകയാണ്. കൂടാതെ പ്രകൃതി ദുരന്തങ്ങളായ ഭൂമികുലുക്കം, സുനാമി എന്നിവയുള്‍പ്പടെയുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്നു പോലും ഇന്ത്യന്‍ റിയാക്ടറുകള്‍ എന്നെന്നേക്കും സുരക്ഷിതമാണെന്നത് അവയുടെ സവിശേഷതയായി ആവര്‍ത്തിച്ച് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് ഇത് ചെയ്യുന്നത്.

തിരുന്നെല്‍വേലി ജില്ലയിലെ കൂടംകുളം ആണവോര്‍ജ്ജ പ്ലാന്റ് തമിഴ്‌നാട് സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും കമ്മീഷന്‍ ചെയ്യും എന്ന സ്ഥിതിയിലാണുള്ളത്. ചെര്‍ണോബില്‍ ആണവപ്ലാന്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ സുരക്ഷിതത്വം കുറഞ്ഞ വി.വി.ഇ.ആര്‍ ടൈപ്പിലുള്ള, റഷ്യയില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള റിയാക്ടറുകളാണ് കൂടംകുളത്തുള്ളത്. തുടക്കം മുതലേ തന്നെ ജനങ്ങള്‍ ഇതിനെ എതിര്‍ത്തു വരുന്നുണ്ടെങ്കിലും പ്ലാന്റിന്റെ പണി പൂര്‍ത്തിയായിരിക്കുകയാണ്, കമ്മീഷന്‍ ചെയ്തിട്ടില്ലന്നേയുള്ളു. നിയമപരമായ സുരക്ഷാ പരിശോധന (securtiy drills) നടത്താനുള്ള ഷെഡ്യൂളുകള്‍ ആയിരിക്കുന്നു. എന്നാല്‍ പ്ലാന്റിന്റെ അധികാരികള്‍ ജനരോക്ഷത്തെ ഭയക്കുന്നു എന്നു മാത്രമല്ല അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയുമാണ്. ദുരിത ബാധിതരായിട്ടുള്ള ജനങ്ങള്‍ക്ക് യാത്ര ചെയ്ത് എത്താനോ തങ്ങളുടെ കഷ്ടതകള്‍ നേരിട്ട് നിരത്താനോ കഴിയാത്തത്ര ദൂരെയുള്ള ഒരു സ്ഥലത്തു വെച്ച് ഒരു പൊതു വിചാരണ ഇവര്‍ നടത്തിയിരുന്നു.

കൂടംകുളം സ്ഥിതി ചെയ്യുന്നത് കടലോര പ്രദേശമായതിനാല്‍ തന്നെ സുനാമി പോലെയുള്ള ഒരു സംഭവമുണ്ടായാല്‍ അഭിമുഖീകരിക്കേണ്ടി വരിക വലിയൊരു അപകടത്തെയാകും. അതിനുമപ്പുറം ഒരു പ്രകൃതി ദുരന്തം ഉണ്ടായില്ലെങ്കില്‍ കൂടി സാധാരണ ഗതിയില്‍ തന്നെ അവിടെ നിന്നും കടലിലെത്തിച്ചേരുന്ന വെള്ളം, ഉഷ്ണവും റേഡിയോ ആക്ടിവിറ്റിയും ഉല്‍പ്പാദിപ്പിക്കുകയും അത് ജലജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും. തങ്ങളുടെ ജീവനോപാധിയെ പ്രതികൂലമായി ബാധിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞ മത്സ്യത്തൊഴിലാളികളാണ് സമരത്തില്‍ മുന്‍പന്തിയിലുള്ളത്. തിരുന്നെല്‍വേലി മുതല്‍ തിരുവനന്തപുരം, കൊല്ലം തൊട്ട് കന്യാകുമാരി വരെയുള്ള തീരദേശത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. വിജയന്‍, തമിഴ്‌നാട്ടിലെ ഇടതു പാര്‍ട്ടികള്‍ക്ക് ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവുമോ? സി.പി.ഐ.എം എന്നത് ഒരു ദേശീയ പാര്‍ട്ടിയാണ്. അങ്ങനെയല്ലെ?

ആയതിനാല്‍ ഞാന്‍ പിണറായി ഗ്രാമം സന്ദര്‍ശിക്കാം, കൂടംകുളത്തുള്ള ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ താങ്കള്‍ അവിടം സന്ദര്‍ശിക്കാമോ? അതോ സി.പി.ഐ.എമ്മിന്റെ നയം കൂടംകുളത്തില്‍ നിന്നും വ്യതസ്തമുള്ളതാണോ? എങ്ങനെ? എന്തുകൊണ്ട്?

മജീന്ദ്രന്‍ എന്നത് ഒരു പ്രശ്‌നമേയല്ല. എന്റെ ജീവിതത്തിലുടനീളം നൂറ് കണക്കിന് മജീന്ദ്രന്മാരും സഹദേവന്‍മാരും നേരിട്ട് തന്നെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. ഞാന്‍ പുസ്തകങ്ങളില്‍ നിന്ന് പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങളില്‍ നിന്നാണ് പഠിക്കുന്നത്. മജീന്ദ്രന്‍ എന്നോട് പറഞ്ഞത് മാഫിയകളെ കുറിച്ചാണ്. അത് കൊണ്ട് തന്നെ മജീന്ദ്രനെ ഇവിടെ ഒരു വിഷയമായി എടുക്കേണ്ടതില്ല. യഥാര്‍ത്ഥ വിഷയം മാഫിയയാണ്. എനിക്ക് മജീന്ദ്രനുമായി നേരിട്ട് സംസാരിക്കാന്‍ കഴിയും. പക്ഷേ മാഫിയകളുമായി സംസാരിക്കാനാവില്ല. ലോകത്തെല്ലായിടത്തും മാഫിയകള്‍ സംസാരിക്കുന്നത് ഭയം എന്ന ഒരു ഭാഷ ഉപയോഗിച്ച് മാത്രമാണ്. മാഫിയകളുടെ ശ്രദ്ധേയമായ സവിശേഷത അവര്‍ക്ക് ദുഷ്ടാത്മാക്കളുമായി സാമ്യമുണ്ട് എന്നതാണ്. എല്ലായ്‌പോഴും മാഫിയകള്‍ നിരാകരിക്കുന്നത് അവരുടെ അസ്ഥീത്വത്തെയാണ്. നിങ്ങള്‍ക്ക് അവരുടെ ഫോട്ടോയെടുക്കാന്‍ കഴിയില്ല.

വിജയന്‍, താങ്കളുടെ കത്തിന്റെ കൂടെ വീടിന്റെ ഒരു ഫോട്ടോ കൂടി ഉണ്ടായിരുന്നെങ്കില്‍ കത്തിന് കൂടുതല്‍ സാധുകരണമായേനേ. 2005 ഏപ്രീല്‍ 14 ന് വീടിനെ പറ്റി ഒരു മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്റെ കൈവശം ആ പത്രത്തിന്റെ കോപ്പിയുണ്ട്. അത് റിപ്പോര്‍ട്ട് ചെയ്ത യുവപത്രപ്രവര്‍ത്തകന്റെ ജീവന് മാഫിയകളുടെ ഭീഷണിയുണ്ടായിരുന്നതായും എനിക്കറിയാം. പക്ഷേ എന്റെ ഈ വയസ്സില്‍ ഇത്തരം കാര്യങ്ങളൊന്നും എന്നെ ഭയപ്പെടുത്തുന്നില്ല. ഞാന്‍ തീര്‍ച്ചയായും താങ്കളുടെ വീട് സന്ദര്‍ശിക്കും. അതുവരെ താങ്കള്‍ക്ക് ആക്ടിവിസ്റ്റുകളുടേയും എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ഒക്കെ പ്രതിനിധി സംഘത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരെ സന്ദര്‍ശിക്കാനും പരിശോധിക്കാനും അനുവദിക്കുകയും ചെയ്യുക. അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഭയം, പശ്ചിമ ബംഗാളിലേതുപോലെ തന്നെ കേരളത്തിലെ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നിരിക്കുന്നു എന്ന് എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ വീടിന്റെ വലിപ്പമല്ല മറിച്ച് ആ വീടിനെ ചുറ്റിപ്പറ്റി നിറഞ്ഞുനില്‍ക്കുന്ന ഭയം, അതാണ് കേന്ദ്രബിന്ദു.

കേരളത്തിലെ ക്രമസമാധാനനീതിന്യായ ഉപകരണങ്ങളെയും, കുറ്റവാളികളെ പിടികൂടാന്‍ പോലീസിനെയും സഹായിക്കണമെന്ന് ഞാന്‍ താങ്കളോടഭ്യര്‍ത്ഥിക്കുന്നു. ടി.പിയെ കൊലപ്പെടുത്തിയ പ്രദേശത്തുള്ള സി.പി.ഐ.എമ്മിന്റെ സംഘടനാ പ്രാപ്തി സുദൃഢമാണ്. കേവലം കൊലപാതകത്തെ അപലപിച്ചതുകൊണ്ട് ജനങ്ങളെ വിശ്വസിപ്പിക്കാനാകില്ല. പോലീസിനെ ഭയപ്പെടുത്തുന്നതിന് പകരം താങ്കള്‍ അവരെ സഹായിക്കുക.

കെ.ജി ശങ്കരപിള്ളയുടെ അങ്ങേയറ്റം ഹൃദയഭേദകമായ കവിതയുടെ തര്‍ജ്ജുമ ഞാന്‍ വായിച്ചിരുന്നു. വെട്ടുവഴി എന്ന ആ കവിത വീണ്ടും എഴുതിക്കൊണ്ട് ഞാന്‍ നിര്‍ത്തുന്നു. വിജയന്‍, അക്രമണം ഏതൊരു സമൂഹത്തെയും നാശത്തിന്റെ വക്കിലേ എത്തിക്കൂ. ഒരു കൊലപാതകം മറ്റൊന്നിന്റെ ന്യായീകരണമല്ല. നമുക്ക് എല്ലാ കൊലപാതകങ്ങള്‍ക്കുമെതിരായി ഒന്നിച്ച് നില്‍ക്കാം. ലോകത്തു നടക്കുന്ന എല്ലാ കൊലപാതങ്ങള്‍ക്കുമെതിരെ പ്രതീകാത്മകമായ പ്രതിഷേധം എന്ന നിലക്ക് ഈ കവിത ചൊല്ലാം……

വെട്ടുവഴി

ഒറ്റ വെട്ടിനു കഴിയുമായിരുന്നല്ലോ,
ടി.പി. ചന്ദ്രശേഖരന്‍,
പിന്നെന്തിനായിരുന്നൂ ഇത്രയേറെ ?

അതോ, ആ കണക്ക് പറയാം:
അമ്പത്തൊന്നും
അവനെന്ന നീതിമൊഴിയിലെ
ഓരോ അക്ഷരവും കെടുത്താന്‍.
കൂര്‍ത്ത മണ്‍വിരലുകളുള്ള കൊലചുഴലി ചുഴറ്റി
അവന്റെ ഗതി ഞെരിക്കാന്‍.
ബാക്കി വെട്ട്
മാര്‍ക്‌സിനും മുന്‍പേയുദിച്ചു
ഇനിയും വീറസ്തമിക്കാത്ത
അവന്റെ കടത്തനാടന്‍ പകലുകളെ
കബന്ധങ്ങളാക്കാന്‍.
അജ്ഞാതരായ മനുഷ്യരുമായി
നീയെനിക്ക് സാഹോദര്യം തന്നു എന്ന്
പാര്‍ട്ടിയെ നോക്കി അവനും
അവനെ നോക്കി പാര്‍ട്ടിയും ഇനിമേല്‍
നെരൂദയെ ഓര്‍ക്കാതിരിക്കാന്‍.

ക്ഷമിക്കണം,
കവിളത്ത് ഒറ്റുമ്മ പതിഞ്ഞ്
അവനെ കിട്ടിയപ്പോഴേക്ക്
കുട്ടികള്‍ ഉറങ്ങിപ്പോയി.
അത്‌കൊണ്ടാണ് ,
കരാറില്‍പ്പറഞ്ഞത് പോലെ
കുട്ടികളുടെ മുന്നിലിട്ട് വെട്ടാഞ്ഞത് .
മുതിര്‍ന്നവര്‍ മയങ്ങിപ്പോയി,
അത്‌കൊണ്ടാണ്
നൂറു മേനിയായ അവന്റെ മേനി
കാതലുറച്ച ചെമ്മരുത് പോലെ
വയല്‍വെയിലില്‍
അനങ്ങാകാണികളുടെ കണ്‍തരിശില്‍
വെട്ടി വീഴ്താത്തത്.

കരാര്‍പ്പൊന്നു കിട്ടി.
എന്നാലും,
ഒരു ചോദ്യത്തിന്റെ കടം ബാക്കി:
അവര് വെട്ടിക്കുന്ന വെട്ടൊക്കെ
അവരിലും കൊള്ളുന്നതെന്തു ?

സ്‌നേഹപൂര്‍വ്വം
മഹാശ്വേതാ ദേവി
05.06.2012


കൊല്ലേണ്ടവരെ കൊല്ലും, വി.എസ് തിരുത്തുന്നില്ല: എം.എം മണി

‘പിണറായിയോട് ഒരു തുറന്ന അഭ്യര്‍ത്ഥന’: മഹാശ്വേതാദേവി

മഹാശ്വേതാദേവിയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തും മണിയെ ന്യായീകരിച്ചും പിണറായി വിജയന്റെ തുറന്ന കത്ത്

‘മണിമാളിക’ പരാമര്‍ശത്തില്‍ പിണറായിയോട് ഖേദം പ്രകടിപ്പിച്ച് മഹാശ്വേതാദേവി

We use cookies to give you the best possible experience. Learn more