അധികാരം കിട്ടിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണം; ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോള്‍
ജിതിന്‍ ടി പി

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘപരിവാര്‍ ആശയം പേറുന്നവര്‍ കയറിയതോടെ കുത്തഴിഞ്ഞ ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം.

ജനാധിപത്യ, ഭരണഘടന കീഴ്‌വഴക്കങ്ങളും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍ പറത്തി ചട്ടവിരുദ്ധമായാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പാടാക്കിയത്. വെറുതെ പറയുന്നതല്ല, തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മന്ത്രിസഭ രൂപവത്കരിക്കുന്നതിന് ഗവര്‍ണര്‍ പാര്‍ട്ടികളെയോ സഖ്യങ്ങളെയോ ക്ഷണിക്കുന്നതിന് കൃത്യമായ ചട്ടം പാലിക്കേണ്ടതുണ്ട്.

ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടിയെ ഗവര്‍ണര്‍ക്ക് മന്ത്രിസഭ രൂപീകരണത്തിന് ക്ഷണിക്കാം.

ഒരു പാര്‍ട്ടിക്കും ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലെങ്കില്‍ തെരഞ്ഞെടുപ്പിനുമുമ്പ് രൂപവത്കരിച്ചതില്‍ ഏറ്റവും കൂടുതല്‍ സീറ്റു നേടിയ സഖ്യത്തെ ഗവര്‍ണക്ക് ക്ഷണിക്കാം അതുമല്ലെങ്കില്‍ തെരഞ്ഞെടുപ്പിനു ശേഷം രൂപവത്കരിച്ച ഏറ്റവും വലിയ സഖ്യം.

അതുകഴിഞ്ഞാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി, രണ്ടാമത്തെ വലിയ കക്ഷി, മൂന്നാമത്തെ വലിയ കക്ഷി എന്നിങ്ങനെയാണ് ക്രമം. അവര്‍ക്ക് വിവിധ പാര്‍ട്ടികളുടെ പിന്തുണ സമ്പാദിച്ച് സര്‍ക്കാറുണ്ടാക്കാം.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്ത കര്‍ണാടക ഗവര്‍ണറുടെ നടപടി റദ്ദാക്കി സുപ്രീംകോടതി എസ്.ആര്‍ ബൊമ്മെ കേസില്‍ 1994 മാര്‍ച്ച് 11 ന് വിധി പറയുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗവര്‍ണറുടെ അധികാരപരിധികളെക്കുറിച്ച് പഠിച്ച് തയ്യാറാക്കിയ സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലും പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്

മഹാരാഷ്ട്രയില്‍ സംഭവിച്ചതെന്ത്?

ബി.ജെ.പി ഒഴികെ മറ്റൊരു പാര്‍ട്ടിക്കും മന്ത്രിസഭയുണ്ടാക്കാന്‍ മതിയായ സാവകാശം ലഭിച്ചില്ല. രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയ്ക്ക് ആവശ്യപ്പെട്ട സമയം നീട്ടിനല്‍കിയില്ല.

മൂന്നാമത്തെ കക്ഷിയായ എന്‍.സി.പിക്ക് ഗവര്‍ണര്‍ അനുവദിച്ച 24 മണിക്കൂര്‍ തികച്ചു നല്‍കിയില്ല. കോണ്‍ഗ്രസിനെ ക്ഷണിച്ചതുമില്ല.

ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെ തന്നെയോ വ്യക്തിപരമായ നിരീക്ഷണമല്ല, ബന്ധപ്പെട്ടവര്‍ക്ക് അവസരം നല്‍കി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കപ്പെടുന്നുവോ എന്നാണ് നോക്കേണ്ടതെന്നാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം.

ഇതെല്ലാം അട്ടിമറിക്കപ്പെട്ടതിന് പുറമെ എന്‍.സി.പിക്ക് ചൊവ്വാഴ്ച രാത്രി 8.30 വരെ സമയം നല്‍കിയ ഗവര്‍ണര്‍, രാവിലെ 11ന് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുന്നു. കേന്ദ്രമന്ത്രിസഭ അടിയന്തരമായി ചേര്‍ന്ന് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുന്നു.

ദല്‍ഹിയില്‍ ഇല്ലാതിരുന്ന രാഷ്ട്രപതി സ്ഥലത്തെത്തിയ ഉടനെ ശുപാര്‍ശ അംഗീകരിച്ച് ഒപ്പുവെക്കുന്നു.

ബി.ജെ.പിയ്ക്ക് മുന്നില്‍ വഴിമാറുന്ന ചട്ടങ്ങള്‍

മഹാരാഷ്ട്ര ഒരു പുതിയ ഉദാഹരണമല്ല. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ഫെഡറല്‍ തത്വങ്ങളും ലംഘിച്ച് സംസ്ഥാന ഭരണങ്ങള്‍ക്ക് മേല്‍ എത്ര തവണയാണ് കരിനിഴല്‍ വീഴ്ത്തിയിട്ടുള്ളത്.

അരുണാചല്‍ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ജമ്മു- കശ്മീര്‍ തുടങ്ങി അധികാരം പിടിച്ചെടുക്കാന്‍ എന്ത് ഹീനമായ മാര്‍ഗവും ബി.ജെ.പി സ്വീകരിക്കുമെന്നതിന്റെ എത്ര ഉദാഹരണങ്ങളാണ് രാജ്യത്തിനു മുന്നിലുള്ളത്.

ബി.ജെ.പിയ്ക്ക് സാധ്യതയുള്ള സാഹചര്യങ്ങളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആഴ്ചകള്‍ സമയം നല്‍കിയും ബി.ജെ.പിയ്ക്ക് ഒട്ടും സാധ്യതയില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഉടനടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയും ഗവര്‍ണര്‍ കാണിക്കുന്ന വിടുവേലകളില്‍ ഇല്ലാതാകുന്നത് രാജ്യത്തിന്റെ ഭരണഘടനയില്‍ എഴുതപ്പെട്ട ഫെഡറല്‍ മൂല്യങ്ങളാണ്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.