''2019ലും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും; അപ്പോള്‍ എടുത്തോളാം'' : ലോയ കേസില്‍ വിവരം ശേഖരിക്കുന്ന അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഫഡ്‌നാവിസിന്റെ ബന്ധു
national news
''2019ലും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും; അപ്പോള്‍ എടുത്തോളാം'' : ലോയ കേസില്‍ വിവരം ശേഖരിക്കുന്ന അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഫഡ്‌നാവിസിന്റെ ബന്ധു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th March 2018, 11:32 am

മുംബൈ: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിവരം ശേഖരണം നടത്തുന്ന നാഗ്പൂരിലെ അഭിഭാഷകനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ബന്ധു സഞ്ജയ് ഫട്‌നാവിസ് ഭീഷണിപ്പെടുത്തിയതായി പരാതി.

2019ലും ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നും നിങ്ങളെ അപ്പോള്‍ കണ്ടോളാം എന്നുമാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ബന്ധുവായ സഞ്ജയ് ഫഡ്നാവിസ് അഭിഭാഷകനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്.

മാര്‍ച്ച് ആറിന് രാത്രി ഒരു മണിക്കാണ് സഞ്ജയ് ഫഡ്നാവിസ് അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഭിയാന്‍ ബരാഹതെയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

“”നിങ്ങള്‍ എന്ത് വലിയ ജോലിയിലാണ് ഇപ്പോഴെന്ന് ഞാന്‍ അറിഞ്ഞു. 2019ലും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും. പൊലീസ് പിടിച്ച് ലോക്കപ്പിലിട്ട് തല്ലിയാല്‍ പിന്നെ പരാതി പറയരുത്. സഞ്ജയ് ഫഡ്നാവിസ് ഓഡിയോയില്‍ പറയുന്നു.


Also Read ”അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പിയെ വേരോടെ പിഴുതെറിഞ്ഞിരിക്കും”; മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍


ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന കാരവാന്‍ മാഗസിനാണ് സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ടെക്സ്റ്റും അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബി.ജെ.പി വിട്ട് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എം.പി നാനാ പടോളും ഇതേ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

ദേവേന്ദ്ര ഫഡ്നാവിസിന്റെ പിതൃസഹോദരന്റെ മകനാണ് സഞ്ജയ് ഫഡ്നാവിസ്. നാഗ്പൂര്‍ കേന്ദ്രീകരിച്ച് ബിജെപി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സഞ്ജയ്.

ഭീഷണി വന്ന ദിവസം തന്നെ അഭിയാന്‍ ബരാഹതെ നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

2014 നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി സഞജയ് പ്രചാരണ രംഗത്തുള്ളപ്പോള്‍ അയാളെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ഒരു ബന്ധവും ഇല്ലായിരുന്നെന്നും അഭിയാന്‍ പരാതിയില്‍ പറയുന്നു.

ലോയ കേസിലെ വിവരങ്ങള്‍ ശേഖരിക്കുന്ന അഭിഭാഷക ആക്ടിവിസ്റ്റുകളെ വിവരാവകാശ രേഖകളടക്കം ശേഖരിച്ചുകൊണ്ടാണ് അഭിയാന്‍ സഹായിക്കുന്നത്.