മുംബൈ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ച ദി ആ്കസിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. റിലീസിനു മുമ്പ് പ്രത്യേക സ്‌ക്രീനിങ്ങ് അനുവദിച്ചില്ലെങ്കല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ മറ്റു വഴികള്‍ നോക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ ചിത്രത്തില്‍ വസ്തുതകള്‍ വളച്ചൊടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക പ്രദര്‍ശനം ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് കത്തയക്കുകയായിരുന്നു. ചിത്രത്തില്‍ വസ്തുകള്‍ തെറ്റായി ചിത്രീകരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണിതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വാദം.
“ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടതില്‍ നിന്നും വസ്തുകള്‍ വളച്ചൊടിക്കപ്പെട്ടിട്ടുണ്ടെന്നും മന്‍മോഹന്‍ സിങ്ങിനെയും സോണിയാ ഗാന്ധിയേയും തെറ്റായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ അപമാനിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. ഇത് അനുവദിക്കാന്‍ കഴിയില്ല”- യൂത്ത് കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ പറയുന്നു.
അനുപം ഖേര്‍ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങായി എത്തുന്നത്. ട്രെയിലറിലെ അനുപം ഖേറിന്റെ മന്‍മോഹന്‍സിങ്ങ് ആയുള്ള പ്രകടനം ഇതിനോടകം തന്നെ ഏറെ അനുമോദനം നേടിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ദി ആക്‌സിഡെന്റല്‍ പ്രൈം മിനിസ്റ്ററില്‍” സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത് ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണര്‍ട്ട് ആണ്. നടനായ അഖില്‍ മിശ്രയുടെ ഭാര്യയാണ് സൂസന്‍. ഹിന്ദി ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും സൂസന്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരയായ “പ്രധാനമന്ത്രി”യില്‍ സോണിയ ഗാന്ധിയെ സൂസന്‍ നേരത്തേയും അവതരിപ്പിച്ചിട്ടുണ്ട്.
വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ “ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.