ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവം; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു
national news
ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവം; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 10:52 pm

മുംബൈ: ആര്‍ത്തവത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സ്ത്രീകള്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍.

വാര്‍ത്താ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ബീഡ് ജില്ലാ ഭരണകൂടത്തോട് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേശീയ വനിതാ കമ്മീഷന്‍ സംഭവത്തില്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. സ്ത്രീകളുടെ അവസ്ഥ അസുഖകരവും പരിതാപകരവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

ഭാവിയില്‍ ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മഹാരാഷ്ട്ര ചീഫ് സെക്രട്ടറി യു.പി.എസ് മദനിന് അയച്ച നോട്ടീസില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ചൂഷണത്തിനിരയായ സ്ത്രീകള്‍ക്കുള്ള പുനരധിവാസ പദ്ധതികളും, അവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനായുള്ള നടപടികളും കൈക്കൊള്ളുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

അതേസമയം, ആര്‍ത്തവ സമയത്ത് ജോലിക്ക് പോയില്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്നതിനാലാണ് സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതെന്ന് ദ ഹിന്ദു പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ദുരന്ത നിവാരണ അതോറിറ്റിയുടെ പഠന പ്രകാരം രാജ്യത്തെ ഏറ്റവും വലിയ വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ബീഡ്. ഇവിടെ നിന്ന് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മഹാരാഷ്ട്രയിലെ പഞ്ചസാര ബെല്‍റ്റായ പിടിഞ്ഞാറന്‍ പ്രദേശങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന് പേരാണ് കരിമ്പ് വെട്ടലിനായി പോവുക.

കുടുംബമായി തൊഴില്‍ തേടിയെത്തുന്ന ഇവരിലെ ഭര്‍ത്താവിനേയും ഭാര്യയേയും ഒറ്റ യൂണിറ്റാക്കി കണക്കാക്കിയാണ് കോണ്‍ട്രാക്റ്റര്‍മാര്‍ പണം നല്‍കുക. ഒരു ടണ്ണിന് 250 രൂപയാണ് കൂലി. ഒരു ദിവസം മൂന്ന് നാല് ടണ്‍ വരെ വെട്ടിയാല്‍ മാത്രമേ 1000 രൂപയെങ്കിലും ലഭിക്കുകയുള്ളൂ.

ഒരു ദിവസം അവധിയെടുത്താല്‍ അഞ്ഞൂറു രൂപ എന്ന നിലയില്‍ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പിഴ നല്‍കണം. ആര്‍ത്തവകാലത്ത് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ മറികടക്കാനാണ് സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്.