| Sunday, 16th February 2020, 2:00 pm

ഭരണകക്ഷികള്‍ സമവായത്തിലെത്തുന്നത് വരെ മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കില്ല: മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭരണസഖ്യത്തിലെ കക്ഷികള്‍ സമവായത്തിലെത്തുന്നത് വരെ മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററോ പൗരത്വപട്ടികയോ നടപ്പിക്കില്ലെന്ന് മന്ത്രി. ദ ഹിന്ദുവിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും പൗരത്വപട്ടികയെക്കുറിച്ചും ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വഭേദഗതി നിയമം, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവക്കെതിരെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത മഹാമോര്‍ച്ച പ്രതിഷേധ പരിപാടിക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

‘മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ എന്‍.പി.ആറിനെക്കുറിച്ചും എന്‍.ആര്‍.സിയെക്കുറിച്ചും ഒരു ചര്‍ച്ച സംഘടിപ്പിക്കാനാണ്.’ എന്‍.സി.പി നേതാവും മന്ത്രിയുമായ ജിതേന്ദ്ര ആവാദ് പറഞ്ഞു.

പൗരത്വരജിസ്റ്ററിനുവേണ്ടി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തയെ തള്ളികൊണ്ട് സംസ്ഥാനത്ത് അത്തരത്തില്‍ യാതൊരു സര്‍വ്വേകളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും മതപരമായോ ജാതിയമായോ ഒരാള്‍ പോലും വിവേചനം നേരിടേണ്ടി വരില്ലയെന്നും മുഖ്യമന്ത്രി നേരത്തെ ഉറപ്പ് തന്നിട്ടുണ്ടെന്നും ജിതേന്ദ്ര ആവാദ് പറഞ്ഞു.

നിലവില്‍ പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങള്‍. കേരളത്തിലും പോണ്ടിച്ചേരിയിലും ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്നാണ് സഭയില്‍ പ്രമേയം പാസാക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more